vijay-mallya

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും മുങ്ങിയ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരിൽ നിന്നും 18,000 കോടി രൂപ ബാങ്കുകൾ തിരിച്ച് പിടിച്ചതായി കേന്ദ്ര സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി വിജയ് മല്യ, നിരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത വിവിധ കേസുകൾ 67,000 കോടി രൂപയുടെ മൂല്യമുള്ളതാണെന്ന് മേത്ത കോടതിയിൽ വ്യക്തമാക്കി. ആയിരക്കണക്കിന് കോടികൾ തട്ടി രാജ്യം വിട്ട ചിലർക്ക് കോടതികളുടെ സംരക്ഷണം ലഭിക്കുകയാണ്. ഇത് കാരണം വലിയൊരു തുക ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്നും മേത്ത ചൂണ്ടിക്കാട്ടി.

കള്ളപ്പണ ഇടപാടുകൾ നടത്തിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത് 4,700 കേസുകളാണ്. 2015-16 ൽ 111 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020-21 ൽ ഇത് 981 കേസുകളായി.