
ന്യൂഡൽഹി:യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ 59.23 ശതമാനം പോളിംഗ് നടന്നു. ലഖിംപൂർ ഖേരി ഉൾപ്പെടെ 59 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പ് രാവിലെ 7 ന് ആരംഭിച്ച് വൈകുന്നേരം 6ന് സമാപിച്ചു. പല സ്ഥലങ്ങളിലും വോട്ടിംഗ് മെഷീനിൽ പ്രശ്നങ്ങളുണ്ടായതായി സമാജ്വാദി പാർട്ടി ആരോപിച്ചു. അതേസമയം, ലഖിംപൂർ ഖേരിയിലെ ഒരു ബൂത്തിൽ വോട്ടിംഗ് മെഷീനിൽ പശ ഒട്ടിച്ച സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തു.
അതേസമയം, നാലാം ഘട്ടം പൂർത്തിയായപ്പോൾ ഞങ്ങൾക്ക് ഇരട്ട സെഞ്ചറി സീറ്റുകൾ ഉറപ്പായെന്ന് യു.പി മുൻമുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പി നേതാക്കളെ ഇപ്പോൾ കാണാനില്ല. ജനങ്ങളുടെ കടൽ കണ്ടാൽ ബി.ജെ.പി നേതാക്കൾ അദൃശ്യരാകും. ലഖിംപൂർ ഖേരിയിലെ അക്രമ സംഭവങ്ങളിൽ സർക്കാർ ആദ്യം ഒരു നടപടിയും സ്വീകരിച്ചില്ല. പ്രതിപക്ഷ പാർട്ടികൾ ശക്തമായ സമ്മർദം ചെലുത്തിയപ്പോഴാണ് കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായത്. മന്ത്രിയുടെ മകന് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. എന്നാൽ ജനകീയ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിട്ടില്ല. ബി.ജെ.പി സ്ഥാനാർത്ഥികളുടെ കെട്ടിവെച്ച പണം ജനങ്ങൾക്ക് കിട്ടും. ആർക്കും തൊഴിൽ നൽകേണ്ടതില്ലെന്നാണ് ബി.ജെ.പി സർക്കാർ പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും അതിന്റെ സ്വത്തും ബി.ജെ.പി സർക്കാർ വിൽക്കുകയാണ്. ഭരണഘടനയെയും നമ്മുടെ സങ്കര സംസ്കാരത്തെയും ഉത്തർപ്രദേശിനെയും രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അഖിലേഷ് പറഞ്ഞു.