
ന്യൂഡൽഹി: ആക്രമണത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ സൗഹൃദ രാജ്യമായ ഇന്ത്യ ഇടപെടണമെന്ന് യുക്രെയിനും യൂറോപ്യൻ യൂണിയനും അഭ്യർത്ഥിച്ചു.
ലോകം ബഹുമാനിക്കുന്ന നരേന്ദ്രമോദിക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞാൽ പുട്ടിൻ അനുസരിക്കുമെന്നും ഇന്ത്യയിലെ യുക്രെയിൻ സ്ഥാനപതി ഇഗോർ പോളിഖ പറഞ്ഞു. നിരവധി സമാധാന ദൗത്യങ്ങൾ വഹിച്ച ചരിത്രം ഇന്ത്യയ്‌ക്കുണ്ട്. പുട്ടിനെ അനുസരിപ്പിക്കാൻ കഴിവുള്ള നേതാക്കൾ ലോകത്ത് അധികമില്ല. അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ ഇന്ത്യയുടെ സഹായം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം പുനു:സ്ഥാപിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ ചുമതലയുള്ള വൈസ് പ്രസിഡന്റും സ്‌പാനിഷ് മന്ത്രിയുമായ ജോസഫ് ബോറൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അഭ്യർത്ഥിക്കുകയായിരുന്നു.