
യുക്രെയിനിലെ സംഘർഷം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. ഇന്ത്യയിലെ യുക്രെയിൻ അംബാസിഡർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ അത്തരം ഇടപെടൽ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുക വയ്യ.
യുക്രെയിൻ പ്രതിസന്ധി മൂലം എണ്ണവില ഉയരുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. കൂടാതെ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയും പ്രധാനമാണ്. 20,000 ഇന്ത്യക്കാരുണ്ടെന്നാണ് സുരക്ഷാ കൗൺസിലിൽ അംബാസിഡർ തിരുമൂർത്തി പറഞ്ഞത്. യുക്രെയിനിലെ ഇന്ത്യൻ എംബസിയുടെ കണക്കുപ്രകാരം 18,000മാണ്. വ്യക്തമാക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. ഇവരെ പോളണ്ടിലേക്കോ മറ്റ് അയൽ രാജ്യങ്ങളിലേക്കോ മാറ്റാൻ ഉടൻ ഇന്ത്യ നടപടിയെടുത്തേക്കാം. സാഹചര്യത്തെ നേരിട്ട് യുക്തമായ തീരുമാനമെടുക്കുകയാണ് വേണ്ടത്. എംബസി പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.
പ്രവചനത്തിന് മുതിരുന്നില്ലെങ്കിലും എന്റെ കണക്കുകൂട്ടലിൽ റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിജയം പ്രഖ്യാപിച്ച് സൈനിക നടപടി അവസാനിപ്പിക്കുമെന്നാണ്. എങ്കിലും വാഷിംഗ്ടണും മോസ്കോയ്ക്കും ഇടയിലെ പിരിമുറുക്കം വർദ്ധിക്കുകയേയുള്ളൂ. ഇവരുമായുള്ള നല്ല ബന്ധം നിലനിറുത്താൻ ഇന്ത്യ ബുദ്ധിമുട്ടുമോ. സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയാണെങ്കിലും രണ്ടു പങ്കാളികളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള നയതന്ത്ര മികവ് ഇന്ത്യയ്‌ക്കുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പുട്ടിനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിക്കും സാഹചര്യങ്ങൾ വരുതിയിൽ നിറുത്താൻ കഴിയാഞ്ഞത് നിർഭാഗ്യകരമായി.
(ഇറ്റലി, ഖത്തർ, ഓസ്ട്രിയ, കാനഡ, ഇറാൻ, ശ്രീലങ്ക
തുടങ്ങിയ രാജ്യങ്ങളിലെ അംബാസിഡറായിരുന്നു ലേഖകൻ)