
വൻ മത്സ്യം ചെറിയതിനെ വിഴുങ്ങുമെന്ന പ്രമാണമാണ് റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൽ വ്യക്തമാകുന്നത്. ആത്യന്തികമായ വിജയം റഷ്യയ്‌ക്ക് സാദ്ധ്യമാകില്ല. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനിനെ ശത്രുതയോടെ നേരിടാൻ റഷ്യൻ സേനയ്‌ക്ക് വിമുഖത കാണും. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതിനാൽ യുക്രെയിനിലെ ഒരു വിഭാഗം ജനത റഷ്യയുമായുള്ള ആലിംഗനം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ യുദ്ധ സാഹചര്യത്തിൽ തലവൻ പറയുന്നത് അനുസരിക്കണം.
നേരത്തേ വിന്യസിച്ചിട്ടുള്ള റഷ്യൻ ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ അടക്കം പരീക്ഷിക്കാനുള്ള അവസരമാണിത്. ലോകത്ത് തങ്ങളുടെ സൈനിക ആധിപത്യം തിരിച്ചു പിടിക്കുക റഷ്യയുടെ ലക്ഷ്യമാണ്. യുക്രെയിനിന് നിലനിൽപ്പിന്റെ പോരാട്ടമായതിനാൽ വിദേശ സഹായത്തോടെ ചെറുത്തു നിൽക്കാനാകും ശ്രമിക്കുക. എന്നാൽ തൊട്ടടുത്ത രാജ്യമായതിനാൽ റഷ്യയ്‌ക്കാണ് മുൻതൂക്കം. റഷ്യയ്‌ക്ക് കൂടുതൽ നാശം വിതയ്‌ക്കാൻ യുക്രെയിനും കൂടുതൽ യുദ്ധ തടവുകാരെ സൃഷ്‌ടിക്കാൻ റഷ്യയും ശ്രമിക്കും.
യുദ്ധത്തിന്റെ വിജയം ആത്യന്തികമായി വെടിക്കോപ്പുകളുടെ മേധാവിത്വമാണ്. വലിയ ആൾനാശം ഉണ്ടാകാനിടയില്ല. റഷ്യൻ ആക്രമണം യുക്രെയിൻ പ്രതീക്ഷിച്ചതാണ്. റഷ്യയുടെ ശക്തി, യുദ്ധ തന്ത്രം, വെടിക്കോപ്പുകളുടെ വൈവിദ്ധ്യം തുടങ്ങിയവ അറിയാവുന്നതിനാൽ മുൻകരുതൽ എടുത്തിട്ടുണ്ടാകാം. ബോംബ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ആയിരക്കണക്കിന് ഭൂഗർഭ നിലവറകൾ അവർ നിർമ്മിച്ചിട്ടുണ്ട്.
യുക്രെയിന് നേരിട്ട് റഷ്യയോട് പൊരുതാൻ നാറ്റോയുടെ പിന്തുണ വേണം. യുക്രെയിന്റെ പോരായ്മ നാറ്റോയുടെ അഭിമാന പ്രശ്നമാകും. നാറ്റോയ്‌ക്കും പുതിയ വെടിക്കോപ്പുകൾ പരീക്ഷിക്കാനുള്ള വേദിയാണിത്.
ഗൾഫ് യുദ്ധം സ്‌കഡ്, പാട്രിയട്ട് മിസൈലുകളുടെ പരീക്ഷണ വേദിയായതുപോലുള്ള സാഹചര്യമാണ് യുക്രെയിനിൽ. ശീതയുദ്ധത്തിലേതു പോലെ ചേരിതിരിയാനുള്ള സാഹചര്യവുമുണ്ട്. അന്നത്തെ പോലെ ലോകം രണ്ടായി നിൽക്കുന്നു. അന്ന് കമ്മ്യൂണിസ്റ്റ് ബ‌്ളോക്കും കാപ്പിറ്റലിസ്റ്റ് ബ്ളോക്കും തമ്മിലായിരുന്നു പോരാട്ടം. കമ്മ്യൂണിസ്റ്റ് ബ്ളോക്കിൽ ഇന്ന് റഷ്യയ്‌ക്കൊപ്പം മറ്റൊരു ശക്തിയായ ചൈനയുമുണ്ട്.
ചൈനയുടെ പിന്തുണ ലഭിക്കുമെങ്കിലും അമേരിക്കയുമായുള്ള പോരാട്ടത്തിൽ ഒറ്റയ്‌ക്ക് പൊരുതാനാകും റഷ്യ ആഗ്രഹിക്കുക. അതിനാൽ ചൈനയുടെ ഇടപെടൽ ഉണ്ടാകാനിടയില്ല. ഐക്യരാഷ്‌ട്ര സഭയിലും മറ്റും ചൈനയുടെ നിലപാടുകൾ അവർ സ്വീകരിക്കും. ഈ കൂട്ടുകെട്ടും പക്ഷേ ക്ഷണികമായിരിക്കും.