
ന്യൂഡൽഹി: മുംബയ് അധോലോകവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ മാർച്ച് 3 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. മാലിക്കിന്റെ സഹോദരൻ കപ്തൻ മാലിക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം മാലിക്കിന്റെ സഹോദരിയും ഇ.ഡിയുടെ മുന്നിൽ ഹാജരായിരുന്നു.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുമായ ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മാലികിനെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധമുള്ള ഒരു റിയൽ എസ്‌റ്റേറ്റ് പ്രൊജക്ടിൽ മാലിക്ക് ബിനാമി നിക്ഷേപം നടത്തിയതിന്റെ വിശദാംശങ്ങൾ ഇ.ഡി പിടിച്ചെടുത്തതായാണ് വിവരം. ദാവൂദ് ഇബ്രാഹിം, സഹോദരന്മാരായ അനീസ്, ഇഖ്ബാൽ, സഹായി ഛോട്ടാ ഷക്കീൽ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം മുംബയിൽ വിവിധ കേന്ദ്രങ്ങളിൽ ഇ.ഡി തെരച്ചിൽ നടത്തിയിരുന്നു.
മാലിക്കിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിൽ മുംബയിൽ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധിച്ചു. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്രാ മന്ത്രിമാരായ ദിലീപ് പാട്ടീൽ, രാജേഷ് ടോപ്പെ, ജയന്ത് പാട്ടിൽ, ഛഗൻ ഭുജ്ബൽ, അതിഥി തത്ക്കരെ, അശോക് ചവാൻ, എൻ.സി.പി എം.പി സുപ്രിയ സുലെ എന്നിവർ പങ്കെടുത്തു. നവാബ് മാലിക്കിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം മുന്നണി തള്ളിക്കളഞ്ഞു.
രാഷ്ട്രീയം ഇത്തരത്തിൽ തരം താഴുന്നത് സങ്കടകരമാണെന്നായിരുന്നു കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത് മോശമാണെന്ന് ചവാൻ പറഞ്ഞു. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ശിവസേന, കോൺഗ്രസ്, എൻ.സി.പി പാർട്ടികൾ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തും.
അതേസമയം, മന്ത്രി നവാബ് മാലിക്ക് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇന്നലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. അധോലോക കുറ്റവാളികളുടെ സഹായത്തോടെ നവാബ് മാലിക്ക് കോടികൾ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.