banwarilal-purohit

ന്യൂഡൽഹി: ബംഗാൾ നിയമസഭ പുലർച്ചെ 2 മണിക്ക് വിളിച്ച് ചേർത്ത് ഗവർണർ ജഗദീപ് ധൻഖർ. ചീഫ് സെക്രട്ടറി ഗവർണർക്ക് നൽകിയ കത്തിൽ സമയം സംബന്ധിച്ച അക്ഷരപിശകാണ് സഭ യോഗം പുലർച്ചെ ചേരാനുള്ള തീരുമാനമെടുക്കാൻ കാരണം. മാർച്ച് 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ശുപാർശ ചെയ്ത് ഫെബ്രു.17 ന് ഗവർണർക്ക് അയച്ച കത്ത് ഭരണഘടനാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ തള്ളുകയായിരുന്നു. ശുപാർശ ചെയ്യേണ്ടത് മന്ത്രിസഭയാണെന്ന് വ്യക്തമാക്കിയാണ് കത്ത് തള്ളിയത്. ഭരണഘടനാ നടപടികൾ പാലിച്ച് വീണ്ടും സമർപ്പിക്കണമെന്നായിരുന്നു ഗവർണറുടെ നിർദ്ദേശം. തുടർന്ന് നൽകിയ കത്തിൽ 2 പി.എം എന്നതിന് പകരം 2 എ.എം എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഉച്ചയോടെ വിഷയം ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു. എന്നാൽ അദ്ദേഹം ഹാജരായില്ല. തുടർന്ന് സമ്മേളനം വിളിക്കാനുള്ള കാബിനറ്റ് നിർദ്ദേശം അംഗീകരിക്കുകയാണെന്ന് ഗവർണർ അറിയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 174 (1) അനുസരിച്ച് മാർച്ച് 7 ന് പുലർച്ചെ 2 മണിക്ക് നിയമസഭാ യോഗം വിളിച്ചു ചേർക്കാനുള്ള മന്ത്രിസഭാ തീരുമാനം അംഗീകരിച്ചതായും ചരിത്രത്തിൽ ആദ്യത്തേതും അസാധരണവുമായ നടപടിയാണ് മന്ത്രിസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഗവർണർ ട്വീറ്റ് ചെയ്തു. പിന്നീട് മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറുമായി ഫോണിൽ സംസാരിച്ചു. ഫെബ്രു.28 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പുതിയ കത്ത് അയക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 ഗവർണർക്ക് തിരുത്താമായിരുന്നുവെന്ന് സ്പീക്കർ

ടൈപ്പിംഗിൽ വന്ന ഒരു തെറ്റായിരുന്നു അതെന്നും അത് ഗവർണർക്ക് തിരുത്താമായിരുന്നുവെന്നും സ്പീക്കർ വിമൻ ബാനർജി പറഞ്ഞു. അങ്ങനെ അദ്ദേഹം ചെയ്യാതിരുന്നതിനാൽ നിയമസഭാ സമ്മേളനം അർദ്ധരാത്രിക്ക് ശേഷം ആരംഭിക്കും. സംസ്ഥാനം അയച്ച ആദ്യ രണ്ട് കുറിപ്പുകളിൽ ഉച്ചയ്ക്ക് 2 മണി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ഗവർണർക്ക് അയച്ച കത്തിൽ തെറ്റ് പറ്റിയതായും സ്പീക്കർ പറഞ്ഞു.