
ന്യൂഡൽഹി: യുക്രെയിനിലെ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാൻ നയതന്ത്ര തലത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവിടെ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാൻ നയതന്ത്രതലത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് അഭിഭാഷകനായ വിശാൽ തിവാരി നൽകിയ ഹർജിയിൽ പറയുന്നു. യുക്രെയിനിൽ കുടുങ്ങിയവർക്ക് ഭക്ഷണം, താമസം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവ ഉറപ്പാക്കാൻ നിർദ്ദേശിക്കണം. അവിടെയുള്ള ഇന്ത്യക്കാർ യുദ്ധ ഭീതിയിലാണ്. വീടുകളിലേക്ക് പോകാൻ കഴിയാതെ ബങ്കറുകളിൽ കഴിയുകയാണ്. അടുത്ത ദിവസങ്ങളിൽ അവശ്യവസ്തുക്കൾക്ക് വലിയ ക്ഷാമമുണ്ടാകും. യുക്രെയിനിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ബിരുദം സർക്കാർ അംഗീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.