modi-and-jayashankar

ന്യൂഡൽഹി: റഷ്യയെ സൈനിക നടപടിയിൽ നിന്ന് പിൻവലിപ്പിക്കാൻ ലോകരാജ്യങ്ങളുടെ സമ്മർദ്ദം തുടരുമ്പോഴും നിഷ്‌പ‌ക്ഷ നിലപാട് തുടർന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് ഇന്ത്യ. രാജ്യത്തിന്റെയും പൗരൻമാരുടെയും താത്പര്യം മുൻനിറുത്തിയുള്ള ഇടപെടലുകൾ മാത്രമെ നടത്തൂ എന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വി. ശൃംഗ്‌ള വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഐക്യരാഷ്‌ട്രസഭയിൽ റഷ്യയ്‌ക്കെതിരെ ഉന്നയിക്കുന്ന പ്രമേയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.

റഷ്യയെ പിന്തിരിപ്പിക്കാൻ ഇടപെടണമെന്ന് യുക്രെയിനിൽ നിന്നാണ് ആദ്യ അഭ്യർത്ഥനയുണ്ടായത്. റഷ്യയെ എതിർക്കാത്തതിലുള്ള നിരാശ അവർ പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതേ തുടർന്നാണ് ഇന്ത്യയുടെ താത്പര്യങ്ങളാണ് വലുതെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയത്. എല്ലാ രാജ്യങ്ങളെയും നേരിട്ട് ബന്ധപ്പെട്ട് സ്വന്തം നിലപാട് അറിയിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

അക്രമം തുടങ്ങിയ ദിവസം തന്നെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ഫോണിൽ വിളിച്ച് അക്രമം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതിലൂടെ ഇന്ത്യ മികച്ച ഇടപെടലാണ് നടത്തിയത്. എന്നാൽ റഷ്യൻ നീക്കത്തെ അപലപിക്കാൻ തയാറായിട്ടുമില്ല. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫോണിലൂടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ട്രൂസ് ലിസ്, യുക്രെയിൻ ധനമന്ത്രി ഡിമിത്രോ കുലേബ തുടങ്ങിയവരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ഇന്ത്യയുടെ നിലപാട് അറിയിക്കുകയും ചെയ്‌തു.

ഇതിനിടെ ജയശങ്കർ റൊമാനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അവരുടെ അതിർത്തി വഴി ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയിനിൽ നിന്ന് രക്ഷപ്പെടുത്താനുള്ള മാർഗങ്ങളും ഉറപ്പാക്കി.

.