indians

 വരുന്നത് റൊമേനിയയിൽ നിന്ന്

 അതിർത്തിയിൽ 1500പേർ

ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങിയവരുടെ ഒഴിപ്പിക്കൽ ദൗത്യത്തിന് ഇന്ത്യ തുടക്കം കുറിച്ചു. റൊമേനിയയിൽ നിന്ന് 17 മലയാളികളുൾപ്പെട്ട സംഘവുമായി ആദ്യ വിമാനം ഇന്ന് രാവിലെ ഡൽഹിയിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ഇവരെ സ്വീകരിക്കും. പൂർണമായും സർക്കാർ ചെലവിലാണ് കൊണ്ടുവരുന്നതെന്ന് മുരളീധരൻ അറിയിച്ചു.

റൊമേനിയ, ഹംഗറി, പോളണ്ട്, സ്‌ളോവാക്യ എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യൻ എംബസികളുടെ ഏകോപനത്തോടെ രക്ഷാദൗത്യം നടത്തുന്നത്. അതിർത്തികളിൽ ഇതിനകം വിദ്യാർത്ഥികളടക്കം 1500 പേർ എത്തിയിട്ടുണ്ട്. കീവിലുള്ളവർക്ക് എംബസി സുരക്ഷിത താമസസൗകര്യം എർപ്പെടുത്തി.

രണ്ട് ചാർട്ടേഡ് വിമാനങ്ങളാണ് ഇന്നലെ ഡൽഹിയിൽ നിന്ന് റൊമേനിയൻ തലസ്ഥാനമായ ബുക്കറെസ്റ്റിലെത്തിയത്. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് ഒരു വിമാനം ഇന്നു പുറപ്പെടും.

അതിർത്തി പ്രദേശങ്ങൾക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥികളെയാണ് ആദ്യം കൊണ്ടുവരിക. സ്വയം ഏർപ്പാടാക്കുന്ന വാഹനങ്ങളിൽ അതിർത്തിയിലെത്തണം. ആശയക്കുഴപ്പം ഒഴിവാക്കാൻ വിദ്യാർത്ഥികൾ കരാറുകാർ മുഖേന നീങ്ങണം. വാഹനത്തിൽ ഇന്ത്യൻ ദേശീയ പതാക പതിപ്പിക്കണം. പാസ്‌പോർട്ടും രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ രേഖയും കരുതണം.

പോളണ്ട് അതിർത്തിയിലേക്ക്

നീങ്ങുന്നവർക്ക് മുന്നറിയിപ്പ്

യുക്രെയിനിൽ നിന്ന് പോളണ്ട് അതിർത്തിയിലേക്ക് ബസിലും കാറിലും പോകുന്ന ഇന്ത്യക്കാർ ഷെഹ്‌നി-മെദിക്ക അതിർത്തിയിലേക്ക് നീങ്ങാനും ക്രാക്കോവിക് അതിർത്തിയിലേക്ക് പോകരുതെന്നും വാഴ്‌സയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. സ്വന്തം വാഹനമുള്ളവരെ മാത്രമാണ് ക്രാക്കോവിക് വഴി വിടുന്നത്. വിമാന ടിക്കറ്റ് ഉറപ്പാക്കാൻ പോളണ്ട് വഴി പോകുന്നവർ എംബസി നൽകിയ ഗൂഗിൾ ഫോമിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

പോളണ്ട് അതിർത്തിയിലെ

ഉദ്യോഗസ്ഥരുടെ നമ്പരുകൾ

ഷെഹ്‌നി-മെദിക്ക അതിർത്തി: പങ്കജ് ഗാർഗ് (+48660460815)

ക്രാക്കോവിക്: ശുഭംകുമാർ(+48881551271)

ലിവിലെ ലെയ്‌സൺ ഒാഫീസ്: മീരാ ബെരസോവ്‌സ്‌ക (+380679335064), വിവേക് കുമാർ(+48881551273)

ഇടപെട്ട് ഐ.എം.എ

യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. വിദ്യാർത്ഥികൾക്കായി പ്രത്യേക സഹായകേന്ദ്രം സ്ഥാപിക്കണമെന്നും സാമ്പത്തിക സഹായം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.