venurajamany

യുക്രെയിനിലുള്ള വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും മുൻ നെതർലൻഡ്സ് അംബാസിഡറുമായ വേണു രാജാമണി

യുക്രെയിൽ യുദ്ധസാഹചര്യമാണെന്ന് ഓർക്കണം. പടിഞ്ഞാറൻ യുക്രെയിൻ താരതമ്യേന ശാന്തമാണ്. എന്നാൽ അതിർത്തിയിലേക്ക് ഒരു ലക്ഷത്തോളം യുക്രെയിൻ പൗരൻമാർ എത്തിയെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നതിനാൽ കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ ക്യൂവാണ്. അതിനാൽ അതിർത്തി കടക്കുക എളുപ്പമല്ല.

കിഴക്കൻ യുക്രെനിലും കീവിനു ചുറ്റിലും യുദ്ധം നടക്കുന്നതിനാൽ ബങ്കറുകൾക്കുള്ളിൽ അല്ലെങ്കിൽ താമസ സ്ഥലത്ത് ഭക്ഷണവും വെള്ളവും മൊബൈൽ ചാർജർ അടക്കം സംവിധാനങ്ങളുമായി സുരക്ഷിതരായി ഇരിക്കുന്നതാണ് നല്ലത്. പുറത്തേക്ക് പോകുന്നത് അപകടകരമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ അവിടെ ഒരു ഒഴിപ്പിക്കൽ പ്രായോഗികമല്ല.

ചിലർ മോസ്കോ വഴി വരാൻ പറ്റുമോ എന്ന് അന്വഷിച്ചിരുന്നു. ഇന്ത്യൻ സർക്കാർ മോസ്കോയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

നമ്മുടെ നിരവധി വിദ്യാർത്ഥികൾ പോളണ്ട് അതിർത്തിയിൽ കുടുങ്ങിക്കിടപ്പുണ്ട്. അവർക്ക് എപ്പോൾ അതിർത്തി കടക്കാൻ കഴിയുമെന്ന് വ്യക്തമായി പറയാൻ കഴിയില്ല. പടിഞ്ഞാറൻ യുക്രെയിനിൽ എവിടെയെങ്കിലും പരിചയക്കാരുടെ അടുത്തോ മറ്റോ സുരക്ഷിതമായി കാത്തിരിക്കുകയാണ് നല്ലത്.

റൊമാനിയ, ഹംഗറി അതിർത്തി വഴിയാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടത്തുന്നത്. എന്നാൽ അവിടെയും കണക്കുകൂട്ടൽ തെറ്റിച്ച് കൂടുതൽ വിദ്യാർത്ഥികൾ എത്തിയിട്ടുണ്ട്.

സാഹചര്യങ്ങൾ ഓരോ ദിവസം മാറിക്കൊണ്ടിരിക്കുകയാണ്. ഒന്നും പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ വിദ്യാർത്ഥികൾ സംയമനം പാലിക്കുക. സമാധാനമായി ഇരിക്കുക. യുക്രെനിൽ ബന്ധപ്പെടാൻ കഴിയുന്ന ആളുകളെ വച്ച് പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.