
ന്യൂഡൽഹി: റഷ്യൻ അധിവേശത്തിൽ ഇന്ത്യയുടെ രാഷ്‌ട്രീയ പിന്തുണ തേടി യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചു. സമാധാന നടപടികൾക്കായുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തുമെന്നും അതേസമയം ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി മറുപടി നൽകി.
അധിനിവേശം തടയാൻ ഇന്ത്യ ഇടപെടണമെന്ന് സെലെൻസ്കി അഭ്യർത്ഥിച്ചു. സൈനിക നടപടിയെക്കുറിച്ച് വിശദമായി സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. സൈനിക നടപടിയിൽ ജീവനും സ്വത്തിനുമുണ്ടായ നാശത്തിൽ വേദന പ്രകടിപ്പിച്ച പ്രധാനമന്ത്രി അടിയന്തരമായി വെടിനിറുത്തൽ നടപ്പാക്കി ചർച്ച തുടരണമെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു.
യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കം ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും പ്രധാനമന്ത്രി പങ്കുവച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹായിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.