indian-students

ന്യൂഡൽഹി: യുക്രെയിൻ അതിർത്തിലെ സ്ഥിതിഗതികൾ മോശമാണെന്നും നിർദ്ദേശം ലഭിക്കാതെ അവിടേക്ക് എത്തരുതെന്നും വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. എംബസിയുടെ ഹെൽപ്‌ലൈനിൽ ബന്ധപ്പെട്ട് അവിടെ നിന്നുള്ള നിർദ്ദേശം അനുസരിച്ച് മാത്രമെ നീങ്ങാവൂ.കൂട്ടത്തോടെ വന്നാൽ കാലതാമസം നേരിടും.

മുൻകൂട്ടി അറിയിക്കാതെ എത്തുന്നവരെ സഹായിക്കാൻ എംബസി ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. വിദ്യാർത്ഥികൾ ഒറ്റപ്പെടാൻ ഇതിടയാക്കുന്നുണ്ട്.

പടിഞ്ഞാറൻ മേഖലയിൽ വെള്ളം, ഭക്ഷണം എന്നിവയ്‌ക്ക് ബുദ്ധിമുട്ടില്ലാത്തതിനാൽ അവിടെയുള്ളവർ താമസസ്ഥലത്ത് തുടരണം. കിഴക്കൻ മേഖലയിലുള്ളവരും അതത് സ്ഥലങ്ങളിൽ തുടരണം. കാര്യങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും എംബസി അഭ്യർത്ഥിച്ചു.

ഹംഗറിയിലേക്ക്

നടന്നു വരരുത്

സഹോണി-ഉഷോറോഡ് അതിർത്തി വഴി ഹംഗറിയിലേക്ക് കാൽനടയായി വരുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് ബുഡാപെസ്റ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ബസ്, വാൻ പോലുള്ള വാഹനങ്ങളിൽ മാത്രമെ അതിർത്തി കടക്കാനാകൂ. വിദ്യാർത്ഥികൾ സ്വന്തം നിലയിൽ കാൽനടയായി അതിർത്തിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പാസ്‌പോർട്ട്, റസിഡന്റ് പെർമിറ്റ്, കോളേജ് തിരിച്ചറിയൽ കാർഡ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ കരുതണണം.

കെപ് ടിസ അതിർത്തിലേക്ക് കാൽനടയായി വരുന്നവർ ഉഷോറോഡിലേക്ക് മടങ്ങണമെന്ന് ഹംഗേറിയൻ കോൺസുലേറ്റ് ജനറൽ(ഡോ. അമ്‌റിക് ധില്ലൻ+380637251523) അറിയിച്ചു.

പാസ്‌പോർട്ട് അടക്കം രേഖകളുമായി മറ്റ് അതിർത്തികൾ വഴി ബുഡാപെസ്റ്റിൽ എത്തുന്നവർക്ക് മറ്റ് വിമാനങ്ങളിലും നാട്ടിലേക്ക് യാത്ര ഒരുക്കും.

സ്ളോവാക്യ വഴിയും നാട്ടിലേക്ക്

സ്ളോവാക്യ അതിർത്തിക്ക് അടുത്തുള്ളവരെ ഇന്ത്യക്കാരെ ഉഷ്‌റോഡ്-വൈസ്‌നെ വഴി ഒഴിപ്പിക്കാൻ ബ്രട്ടിസ്ളാവയിലെ ഇന്ത്യൻ എംബസി ഒരുങ്ങി. പ്രത്യേക ഗൂഗിൾ ഫോറത്തിൽ വിശദാംശങ്ങൾ നൽകണം.

ബന്ധപ്പെടേണ്ടത്: അറ്റാഷെ മനോജ് കുമാർ (+421908025212), ഇവാൻ കൊസിങ്ക (+421908458724)