
ന്യൂഡൽഹി: യുക്രെയിനിൽ മിസൈൽ, ബോംബ് ആക്രമണത്തിന് നടുവിൽ ഭയാശങ്കകളോടെ ബങ്കറിലും മറ്റും കഴിയേണ്ടി വന്ന വിദ്യാർത്ഥികളുൾപ്പെടെ 219 പേരുമായി എയർഇന്ത്യാ വിമാനം മുംബയിലെത്തി. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നുള്ള ആദ്യ സംഘത്തിൽ 27 മലയാളികളുമുണ്ട്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. മലയാളികളെ സ്വീകരിക്കാൻ നോർക്കാ പ്രതിനിധികളും വിമാനത്താവളത്തിലുണ്ടായിരുന്നു. ഇവർക്ക് നാട്ടിലേക്ക് സൗജന്യ യാത്ര ഒരുക്കും. യാത്ര വൈകിയാൽ മലയാളികളെ മുംബയ് കേരളഹൗസിൽ താമസിപ്പിക്കും.
ബുക്കാറെസ്റ്റിൽ നിന്നുള്ള രണ്ടാമത്തെവിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലിറങ്ങും. ഈ സംഘത്തിൽ 17 മലയാളികൾ ഉണ്ടെന്നാണ് അറിവ്. ഇവരെ ഡൽഹി കേരളാഹൗസിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് നാട്ടിലേക്ക് അയ്‌ക്കും.
ഇന്നലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യാ വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിൽ എത്തിയിട്ടുണ്ട്. സഹോനി-ഉഷോറോഡ് അതിർത്തി വഴി ഹംഗറിയിൽ എത്തിയവരെ ഈ വിമാനത്തിൽ കൊണ്ടുവരും.