
ന്യൂഡൽഹി: ഉത്തർപ്രദേശിൽ 12 ജില്ലകളിലായി 61 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. അഞ്ചാം ഘട്ടത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ 692 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. യു.പി ഉപമുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ കേശവ് പ്രസാദ് മൗര്യ (സിരത്തു), മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് (അലഹബാദ് വെസ്റ്റ്) കോൺഗ്രസ് നിയമസഭാ നേതാവ് ആരാധനാ മിശ്ര (രാംപൂർ ഖാസ്) തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടുന്നു. മാർച്ച് മൂന്നിനും ഏഴിനുമാണ് യു.പിയിലെ അവശേഷിക്കുന്ന രണ്ട് ഘട്ടങ്ങൾ. മാർച്ച് 10ന് വോട്ടെണ്ണൽ.
മണിപ്പൂർ ഒന്നാം ഘട്ടം
മണിപ്പൂരിൽ 38 സീറ്റുകളിലേക്ക് നാളെ നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം പൂർത്തിയായി. മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ എൻ. ബീരേൻ സിംഗ് (ഹീൻഗാംഗ്), സ്പീക്കർ ഖേംചന്ദ് (സിംഗ്ജാമെ), സംസ്ഥാന പി.സി.സി അദ്ധ്യക്ഷൻ എൻ. ലോകേഷ് സിംഗ് (നമ്പൽ സിയ) എന്നിവർ അടക്കം 173 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു.