ucrain-athirthi

ന്യൂഡൽഹി:യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഗംഗ. മുഴുവൻ ഇന്ത്യക്കാരെയും രാജ്യത്തെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തിയ രണ്ടാമത്തെ സംഘത്തെ സ്വീകരിക്കാനും വി.മുരളീധരൻ എത്തിയിരുന്നു.

യുക്രെയിനിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനാകില്ലെന്നും അതിർത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട് രക്ഷപ്പെടാൻ സ്വയം മാർഗ്ഗം കണ്ടെത്തണമെന്നും അമേരിക്ക നിലപാടെടുക്കുമ്പോഴാണ് ഇന്ത്യയുടെ ഇടപെടൽ.

രക്ഷാദൗത്യം ഇങ്ങനെ

കഴിഞ്ഞ 26 നാണ് ഓപ്പറേഷൻ ഗംഗ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ സുരക്ഷാസമിതിയാണ് ഓപ്പറേഷൻ ഗംഗയ്ക്ക് രൂപം നൽകിയത്. ഇതനുസരിച്ച് യുക്രെയിൻ എംബസിയിൽ ഹെൽപ്പ് ലൈനുകൾ തുറന്നു. റഷ്യൻ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥർ അടങ്ങിയ കേന്ദ്രങ്ങളും തുടങ്ങി. പടിഞ്ഞാറൻ യുക്രെയിനിലെ ലിവിവ്, ചെർണിസ്തി തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യൻ വിദേശമന്ത്രാലയം ക്യാമ്പ് ഓഫീസുകൾ ആരംഭിച്ചു. യുക്രെയിനിന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നിവയുമായി നയതന്ത്ര ചർച്ചകളും നടന്നു. ഈ രാജ്യങ്ങൾ വഴി ഇന്ത്യൻ പൗരന്മാരെ നമ്മുടെ വിമാനങ്ങളിൽ ഒഴിപ്പിക്കാൻ അനുമതി നേടി. അതിർത്തികളിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ സജ്ജമാക്കി. യുക്രെയിനിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ ഏറ്റവും വേഗം എത്തിച്ചേരാൻ കഴിയുന്ന റൊമാനിയയിലും ഹംഗറിയിലും നിന്ന് രക്ഷാദൗത്യം തുടങ്ങാൻ തീരുമാനമായി. റൊമേനിയയിലെ അംബാസഡർ രാഹുൽ ശ്രീവാസ്തവയും യുക്രെയിനിലെ അംബാസഡർ പാർത്ഥ സത്പതിയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിലെ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ ആദ്യ വിമാനം പറന്നുയർന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളുമായി എയർ ഇന്ത്യ വിമാനം ഇന്ത്യയിലെത്തി.

ഇനി നാല് അതിർത്തികൾ വഴി രക്ഷാദൗത്യം പൂർണമാക്കാനാണ് ശ്രമം . റൊമേനിയയിലെ സുസെവ, ഹംഗറിയുടെ സഹോണി, സ്ലോവാക്യയുടെ വിസ്നെ നെമെക്ക, പോളണ്ടിലെ ക്രാക്കോ വിക് ലാൻഡ് എന്നീ അതിർത്തികളിലൂടെ ഇന്ത്യൻ പൗരന്മാരെ ആ രാജ്യങ്ങളിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരും. പോളണ്ട് അതിർത്തിയിൽ ആയിരക്കണക്കിന് യുക്രെയിൻ പൗരന്മാർ കേന്ദ്രീകരിച്ചതാണ് പ്രതിസന്ധിയായത്. വിസ ഇല്ലാതെ ഇന്ത്യാക്കാരെ രാജ്യത്തേക്ക് കടത്തിവിടുമെന്ന് പോളണ്ടിന്റെ ഇന്ത്യയിലെ അംബാസഡർ അറിയിച്ചു. യുക്രെയിനിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ളവരെ റഷ്യയിലൂടെ ഇന്ത്യയിലെത്തിക്കാനുള്ള നയതന്ത്ര ചർച്ചയും തുടരുകയാണ്.