vmuraleedharanucrain

ന്യൂഡൽഹി:യുക്രെയിനിൽ നിന്ന് ഡൽഹിയിലെത്തിയ വിദ്യാർത്ഥികളെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ഇന്നലെ പുലർച്ചെ 3 മണിക്ക് വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തു.

റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് 250 വിദ്യാർത്ഥികളുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനത്തിൽ 29 മലയാളികളാണുണ്ടായിരുന്നത്. വിദ്യാർത്ഥികളുമായുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം മുംബയിലാണ് എത്തിയത്. 219 പേരടങ്ങിയ യാത്രക്കാരിൽ 27 പേർ മലയാളികളായിരുന്നു. ഇന്നലെ രാവിലെ മൂന്നാമത്തെ വിമാനവും ഡൽഹിയിലാണെത്തിയത്. 25 മലയാളികളടക്കം 240 വിദ്യാർത്ഥികളാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.

യുക്രെയിനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയിൻ, റഷ്യ പ്രസിഡന്റുമാരുമായി സംസാരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ വിലയിരുത്തി എല്ലാവരെയും സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കാനാണ് മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊവിഡ് കാലത്ത് പൗരന്മാരെ രാജ്യത്തെത്തിക്കാൻ നടത്തിയ വന്ദേഭാരത് മിഷന്റെ അനുഭവം യുക്രെയിനിൽ നിന്നുള്ള രക്ഷാദൗത്യത്തിൽ മുതൽകൂട്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് മറ്റ് വിമാനങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കുമെന്നും മുരളീധരൻ പറഞ്ഞു.