kk

ന്യൂഡൽഹി:യുക്രെയിനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ കൂടുതൽ മാർഗ്ഗങ്ങൾ അവലംബിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ലെ പറഞ്ഞു. ഉടനെ 15,000 പൗരന്മാരെ എത്തിക്കാനാണ് നീക്കം. ഇതിനായി റെഡ്ക്രോസിന്റെ ഉൾപ്പെടെ സഹായം തേടും. റഷ്യ വഴിയുള്ള രക്ഷാദൗത്യം പരിഗണനയിലാണ്. ഹംഗറി, റൊമേനിയ അതിർത്തി കടക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ പോളണ്ട് അതിർത്തിയിൽ പാലായനം ചെയ്തെത്തുന്നവർ കൂടുതലാണ്. അവിടെയുള്ള ഇന്ത്യക്കാർ ട്രെയിനിൽ ഹംഗറി അതിർത്തിയിലെത്തണം.

റഷ്യയുടെ അതിർത്തി പങ്കിടുന്ന കിഴക്കൻ യുക്രെയിനിലെ ഇന്ത്യക്കാരാണ് പ്രതിസന്ധി നേരിടുന്നത്. അവർ പടിഞ്ഞാറൻ അതിർത്തിയിലെത്തണം. ഇതിനാണ് റെഡ്ക്രോസിന്റെ സഹായം തേടുന്നത്. റഷ്യ, യുക്രെയിൻ അംബാസഡർമാർക്ക് കിഴക്കൻ അതിർത്തിയിലുള്ളവരുടെ വിശദാംശം കൈമാറിയിട്ടുണ്ട്. ഇൻഡിഗോ ഉൾപ്പെടെ കൂടുതൽ വിമാനങ്ങൾ രക്ഷാദൗത്യത്തിൽ പങ്കാളികളാകും. പത്ത് വിമാനങ്ങൾ കൂടി ഉടൻ സർവ്വീസ് നടത്തും. ഇതുവരെ നാല് വിമാനങ്ങൾ ഇന്ത്യയിലെത്തി. രണ്ട് വിമാനങ്ങൾ ഉടനെയെത്തും. സാദ്ധ്യമായ എല്ലാ വഴികളും തേടുകയാണ്. ബസിൽ മോൾഡോവ അതിർത്തിയിലെത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. ഇതിനായി ബസുകൾ പുറപ്പെട്ടു. ഒഡേസയിൽ നിന്ന് വിദ്യാർത്ഥികളുമായുള്ള ആദ്യ ബസ് പുറപ്പെട്ടു.