indians

ന്യൂഡൽഹി: സംഘർഷഭരിതമായ യുക്രെയിനിൽ നിന്ന് അതിർത്തി വഴി രക്ഷാദൗത്യം തുടങ്ങിയെങ്കിലും വിദ്യാർത്ഥികളടക്കം കൂട്ടത്തോടെ എത്തുന്നത് ഇന്ത്യൻ അധികൃതർക്ക് തലവേദനയാകുന്നു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിട്ട് അതിർത്തിയിലേക്ക് പോകരുതെന്നും തൊട്ടടുത്ത നഗരങ്ങളിൽ തങ്ങണമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. അധികൃതരുമായുള്ള കൃത്യമായ ഏകോപനത്തോടെ മാത്രമെ പോളണ്ട്, ഹംഗറി, സ്ളോവാക്യ, റൊമാനിയ, മോൾഡോവ രാജ്യങ്ങളുടെ അതിർത്തിലേക്ക് നീങ്ങാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാണ്ട് എണ്ണായിരത്തോളം ഇന്ത്യക്കാർ യുക്രെയിൻ വിട്ടതായി അരിന്ദം ബാഗ്ചി പറഞ്ഞു. ഒാപ്പറേഷൻ ഗംഗ ദൗത്യത്തിൽ ഇന്നലെ വരെ ആറു വിമാനങ്ങളിലായി 1396 വിദ്യാർത്ഥികളാണ് നാട്ടിലെത്തിയത്. റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് മുംബെയ്, ഡൽഹി എന്നിവിടങ്ങളിലേക്ക് രണ്ടു വിമാനങ്ങളും ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് മറ്റൊരു വിമാനവും ഇന്ന് ഡൽഹിയിലെത്തും. രക്ഷാദൗത്യത്തിന് വിമാനം ലഭ്യമാക്കുന്നുണ്ടെന്നും രക്ഷിതാക്കൾ പരിഭ്രാന്തരാകരുതെന്നും വിദ്യാർത്ഥികളെ സുരക്ഷിതമായി യുക്രെയിൻ അതിർത്തി കടത്താനാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

യുദ്ധക്കെടുതി നേരിടുന്ന യുക്രെയിനിൽ വൈദ്യസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യക്കാരെ കൊണ്ടുവരാൻ 13 വിമാനങ്ങൾ അയയ്ക്കും

പാസ്‌പോർട്ട് നഷ്‌ടപ്പെട്ടവർക്ക് ബദൽ രേഖ ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ രണ്ടു ദിവസത്തിനകം 13 പ്രത്യേക വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ് വി. ശൃംഗ്‌ള വിദേശകാര്യ പാർലമെന്ററി സമിതിയെ അറിയിച്ചു. പലായനത്തിനിടെ പാസ്‌പോർട്ട് നഷ്‌ടപ്പെട്ടവർക്ക് പകരം രേഖ നൽകും. സമിതി അംഗമായ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ആവശ്യപ്രകാരം ഇന്നലെ ചേർന്ന യോഗത്തിൽ യുക്രെയിൻ യുദ്ധ പ്രതിസന്ധി വിശദമായി ചർച്ച ചെയ്‌തു. മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുന്നതിനുളള 'ഓപ്പറേഷൻ ഗംഗ' പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ബങ്കറുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, വെളളം ഉൾപ്പെടെ ലഭ്യമാക്കാൻ നടപടിയെടുത്തു. പോളണ്ട് അതിർത്തിയിലെ അനിയന്ത്രിതമായ തിരക്ക് പരിഗണിച്ച് ബദൽ മാർഗ്ഗങ്ങൾ ആലോചിക്കുന്നതായും അധികൃതർ അറിയിച്ചു. പോളണ്ട്, റൊമാനിയ, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങൾ വഴി എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രനെ കൂടാതെ കേരളത്തിൽ നിന്ന് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, കെ. സോമപ്രസാദ്, അൽഫോൻസ് കണ്ണന്താനം എന്നിവരും പങ്കെടുത്തു.

കൊവിഡ് നിയന്ത്രണം: യുക്രെയിനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇളവ്

ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളടക്കമുള്ളവർക്ക് വിദേശയാത്രികർക്കുള്ള പതിവ് മാർഗരേഖയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. യാത്ര പുറപ്പെടും മുമ്പ് എയർ സുവിധ പോർട്ടലിൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ല‌ോഡ് ചെയ്യണമെന്ന നിബന്ധനയിൽ ഇളവു നൽകി.

രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് മടങ്ങാം. ഇവർ 14 ദിവസം സ്വയം നിരീക്ഷണം നടത്തണം. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഇല്ലാത്തവർ വിമാനത്താവളത്തിൽ സാമ്പിൾ നൽകി 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഇറക്കിയ ഉത്തരവിൽ പറയുന്നു.