manipur-polling

ന്യൂഡൽഹി: മണിപ്പൂർ നിയമസഭയിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ഇന്നലെ 78.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാ ചന്ദ് പൂർ, കാങ്ങ് പോക് പി എന്നീ 5 ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. 15 വനിതകൾ ഉൾപ്പെടെ 173 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇന്നലെ വൈകിട്ട് 5വരെ ലഭിച്ച കണക്കനുസരിച്ച് 12.09 ലക്ഷം വോട്ടർമാരിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് കാങ്ങ് പോക്പി (82.97%) ജില്ലയിലാണ്. ഇംഫാൽ വെസ്റ്റിൽ 82.19 ഉം ഇംഫാൽ ഈസ്റ്റിൽ 76.64 ഉം പേർ വോട്ട് ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ സംസ്ഥാനത്ത് 49 ശത്മാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ചുരാചന്ദ് പൂർ ജില്ലയിലെ തിപൈമുഖ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരൻ നൗറം ഇബോ ചൗബ തന്റെ സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നതിനെ തുടർന്ന് കൊല്ലപ്പെട്ടതായി ചീഫ് ഇലക്ട്രറൽ ഓഫീസർ രാജേഷ് അഗർവാൾ പറഞ്ഞു.

ആകെ 60 അംഗങ്ങളുള്ള നിയമസഭയിലെ ബാക്കിയുള്ള 22 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് മാർച്ച് 5 ന് നടക്കും.