varayad

കൊച്ചി: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ മൂന്നാർ ഇരവികുളം ദേശീയോദ്യാനം അടയ്ക്കും. മാർച്ച് 31 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

കഴിഞ്ഞ വർഷം 145 കുഞ്ഞുങ്ങൾ പിറന്നതായാണ് കണ്ടെത്തൽ. അതിന് മുൻവർഷം 111 കുഞ്ഞുങ്ങളും പിറന്നിരുന്നു. കഴിഞ്ഞ വർഷം വനം വകുപ്പ് നടത്തിയ സർവേയിൽ ഇരവികുളത്ത് 894 വരയാടുകളെയാണ് കണ്ടെത്തിയത്. ചിന്നാറിൽ 93 ഉം പാമ്പാടുംചോല ദേശീയോദ്യാനത്തിൽ 19 ഉം വരയാടുകളെ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു.

ജനുവരി അവസാനം മുതൽ ഫെബ്രുവരി പകുതി വരെയാണ് വരയാടുകളുടെ പ്രജനനകാലം. പിറന്ന് മൂന്നാഴ്ച കഴിഞ്ഞേ കുഞ്ഞുങ്ങളുമായി അമ്മയാടുകൾ പുറത്തുവരൂ.

താമസം മലഞ്ചെരുവിലെ

പാറക്കൂട്ടത്തിൽ

നീലഗിരി താർ എന്നറിയപ്പെടുന്ന കുളമ്പുള്ള മൃഗമാണ് വരയാട്. പേരുപോലെ ആടിന്റെ രൂപം. പാറക്കെട്ടുള്ള മലനിരകളോട് ചേർന്നാണ് ഇവ ജീവിക്കുന്നത്. പാറക്കെട്ടുകളിലൂടെ അതിവേഗതയിൽ സഞ്ചരിക്കും.

ഇന്ത്യയിൽ ഏറ്റവുമധികം വരയാടുകളുള്ളത് മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തിലാണ്. 2015 ലെ പ്രജനനകാലത്തിന് ശേഷം വനം വകുപ്പ് നടത്തിയ സർവേയിൽ ഇരവികുളത്തിന് പുറത്ത് നാലിടങ്ങളിലും വരയാടുകളെ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇവയെ സംരക്ഷിക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. 1936 ൽ രാജമല കേന്ദ്രമാക്കി ഇരവികുളം ദേശീയപാർക്ക് രൂപംകൊണ്ടു.

വംശനാശ ഭീഷണിയിൽ

ദേശീയതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ് വരയാട്. അവയെ സംരക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക നിയമമുണ്ട്. ഇവയെ പിടികൂടുന്നതും കൊല്ലുന്നതും വൻ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പേരിൽ വരയുണ്ടെങ്കിലും ആടുകളുടെ ശരീരത്ത് വരകളില്ല. വരൈ എന്നാൽ തമിഴിൽ മല എന്നാണർത്ഥം. മലയിൽ താമസിക്കുന്ന ആടിന് വരയാട് എന്നു പേരു വീണതാണ്.