p

കൊച്ചി: കുട്ടികൾക്ക് ഗെയിം കളിക്കാൻ വായ്പ കൊടുത്ത് കടക്കെണിയിൽ കുരുക്കുന്ന ലോൺ ആപ്പുകൾ.

2000 മുതൽ 10000 വരെ രൂപ നിമിഷനേരംകൊണ്ട് ലഭിക്കും. ഗെയിം കളിച്ച് ഉടൻ തിരിച്ചടയ്ക്കാമെന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ രക്ഷിതാക്കൾ അറിയാതെ അവരുടെ ആധാർ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അടക്കം കൈമാറിയാണ് പണം അക്കൗണ്ടിലേക്ക് വരുത്തുന്നത്. ഗെയിമിൽ വിജയിക്കാൻ കുട്ടികൾക്ക് കഴിയില്ലെന്ന് തുക നൽകുന്നവർക്കുതന്നെ അറിയാം. പണം തിരിച്ചുകിട്ടാൻ ഭീഷണി ഫോൺ സന്ദേശങ്ങൾ വരുന്നതോടെ കുട്ടികൾ മാനസികമായി തകരുകയാണ്. അപ്പോഴാണ് വീട്ടുകാർ കാര്യം അറിയുന്നത്. അടുത്തിടെ കൊച്ചിയിൽ ഇത്തരത്തിൽ കുടുങ്ങിയ കുട്ടികളുടെ രക്ഷിതാക്കൾ നിയമസഹായം തേടിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

# അംഗീകാരമില്ലാത്ത ഇടപാട്

ഗൂഗിൾ പ്ലേ സ്റ്റോറിൽ ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകളുണ്ട്. ഇവയിൽ ഭൂരിഭാഗത്തിനും റിസർവ് ബാങ്കിന്റെ അംഗീകാരമില്ല. ഏഴു ദിവസം മുതൽ ആറു മാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകൾക്ക് 20 മുതൽ 40 വരെയുള്ള ശതമാനം കൊള്ളപ്പലിശയും 10 മുതൽ 25 ശതമാനം വരെ പ്രോസസ്സിംഗ് ചാർജ്ജും ഈടാക്കും. അടവ് മുടങ്ങിയാൽ വ്യാജ എഫ്.ഐ.ആ‌ർ അടക്കം കാട്ടി ഭീഷണിപ്പെടുത്തും.

# പണമിടപാട്

സെൽഫി, കാൾ വെരിഫിക്കേഷൻ വേണ്ടാത്ത ലോൺ ആപ്പുകളാണ് കുട്ടികൾ തിരഞ്ഞെടുക്കുന്നത്. ഇതിൽ മാതാപിതാക്കളുടെ പാൻ കാ‌ർഡും ആധാറും ബാങ്ക് അക്കൗണ്ട് നമ്പരും നൽകിയാൽ പണം ലഭിക്കും. ഗൂഗിൾപേ ഉൾപ്പെടെയുള്ള ആപ്പുകൾ ഉപയോഗിച്ചാണ് പണം കൈമാറുന്നത്.

മാതാപിതാക്കൾ അറിയാൻ

• കുട്ടികളുടെ മൊബൈലിലെ ആപ്പുകൾ അറിയണം

• അവരെ തട്ടിപ്പ് ബോദ്ധ്യപ്പെടുത്തണം
• ഭീഷണിയുണ്ടോയെന്ന് തിരക്കണം

• കെണിയിൽ വീണ കുട്ടികളെ തള്ളിപ്പറയരുത്

“നിരവധി കുട്ടികളാണ് മാതാപിതാക്കൾ അറിയാതെ ആപ്പുകളിൽ നിന്ന് ലോണെടുത്ത് കുരുക്കിലായിട്ടുള്ളത്. മാതാപിതാക്കൾ ശ്രദ്ധിക്കണം “

-അഡ്വ. ജിയാസ് ജമാൻ

സൈബ‌ർ നിയമ വിദഗ്ദ്ധൻ

സൈബ‌ർ സുരക്ഷാ ഫൗണ്ടേഷൻ