citygas

കൊച്ചി: വീടുകളിൽ പൈപ്പിലൂടെ പാചകാവശ്യത്തിനുള്ള പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മാർച്ചിൽ ആറ് വടക്കൻ ജില്ലകളിലുമെത്തും. ഏപ്രിലോടെ വീടുകളിൽ വാതകം ലഭിച്ചുതുടങ്ങും. നിലവിൽ എറണാകുളം ജില്ലയിൽ 6000 വീടുകളിൽ മാത്രമാണ് സിറ്റി ഗ്യാസ് ലഭിക്കുന്നത്.
ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ പാചകവാതകം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതി 2016 ഫെബ്രുവരി 21നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. ആറു വർഷത്തിനിടെ കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളിൽ മാത്രമാണ് പദ്ധതി നടപ്പായത്. മാർച്ച് അവസാനത്തോടെ 10,000 കണക്ഷൻ കടക്കുമെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
റോഡരികിൽ ഭൂഗർഭ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകാതിരുന്നതാണ് പദ്ധതി വൈകാൻ പ്രധാന കാരണം. രണ്ടു പ്രളയവും കൊവിഡും തടസമായി. ഒരുവർഷം മുമ്പ് സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതോടെ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകി. കൊച്ചി നഗരസഭയിലെ ആറു ഡിവിഷനുകളിൽ കൂടി മാർച്ചിൽ കണക്ഷൻ നൽകിത്തുടങ്ങും.
കൊച്ചി - മംഗളൂരു എൽ.എൻ.ജി പൈപ്പ്‌ലൈനിൽ നിന്നാണ് സിറ്റി ഗ്യാസിന് ഇന്ധനം നൽകുന്നത്. പ്രധാന പൈപ്പിൽ നിന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ സബ് സ്‌റ്റേഷനുകളിലേക്ക് ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ)യാണ് ഇന്ധനം നൽകുക. സബ് സ്‌റ്റേഷനുകളിൽ നിന്ന് ഉപപൈപ്പുകൾ ഗ്രാമങ്ങളിൽ വരെ സ്ഥാപിച്ച് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസാണ് വിതരണം നടത്തുന്നത്. പാലക്കാട്ടെ സബ് സ്‌റ്റേഷനിലേക്ക് ഫെബ്രുവരി 15 ഓ‌ടെ ഇന്ധനം നൽകിത്തുടങ്ങും. മലപ്പുറത്തിനും കാസർകോടിനുമിടയിൽ മൂന്ന് സബ് സ്‌റ്റേഷനുകൾ മാർച്ചിൽ പ്രവർത്തനം ആരംഭിക്കും.

വീട്ടിലും ഫ്ളാറ്റ് സമുച്ചയത്തിലും

പൈപ്പുകൾ വഴി വീടുകൾ, ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ഓഫീസുകൾ, ഫാക്ടറികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് വാതകം ലഭ്യമാക്കും. വീട്ടിലെ സാധാരണ ഗ്യാസ് സ്റ്റൗവുമായി പൈപ്പ് ലൈൻ ബന്ധിപ്പിക്കാം. മീറ്ററിൽ രേഖപ്പെടുത്തുന്ന തുക അടച്ചാൽ മതി. എൽ.പി.ജിയുടെ പകുതി ചെലവേ വേണ്ടിവരൂ.

പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി)
സുരക്ഷിതവും വിശ്വസനീയവും
തടസമില്ലാതെ ലഭ്യത
പെട്ടിത്തെറിക്കില്ല
വായുവിനെക്കാൾ ഭാരക്കുറവ്, ചോർന്നാലും പെട്ടെന്ന് ഉയർന്നുപോകും

"സേവനദാതാക്കളുടെ സബ് സ്റ്റേഷനുകളിലേക്ക് പ്രകൃതിവാതകം നൽകാനുള്ള സംവിധാനങ്ങൾ പൂർത്തിയായി. അനുമതികൾ നേടി മാർച്ചോടെ വിതരണം ചെയ്യാൻ കഴിയും."

-ജോസ്

ജനറൽ മാനേജർ

ഗെയിൽ

"പൈപ്പിടാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിച്ചിട്ടുണ്ട്. പരമാവധി കണക്ഷൻ നൽകാനാണ് ശ്രമിക്കുന്നത്."

അജയ് പിള്ള

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ്