കൊച്ചി: ജീവിതശൈലി രോഗങ്ങൾ, വന്ധ്യത തുടങ്ങി കൊവിഡാനന്തര പ്രശ്നങ്ങളിൽ വരെ മികച്ച ചികിത്സയൊരുക്കി ജില്ലാ ഹോമിയോ ആശുപത്രി. ആശുപത്രിയിലെ ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നവർ വർദ്ധിച്ചു. ആയുഷ്മാൻഭവ, ജനന- വന്ധ്യത നിവാരണ ക്ലിനിക്ക്, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ ഉൾപ്പെടെ ചികിത്സകൾക്ക് സദ്ഗമയ, കിടപ്പുരോഗികൾക്ക് പെയിൻ ആൻഡ് പാലിയേറ്രീവ് കെയർ, അലർജി ആസ്ത്മ തുടങ്ങിയ പ്രത്യേക ക്ലിനിക്കുകളും സ്കാനിംഗ് ഉൾപ്പെടെ മികച്ച ലബോറട്ടറി സംവിധാനവും ലഭ്യമാണെന്ന് ജില്ലാ ഹോമിയോ ആശുപത്രി അധികൃതർ അറിയിച്ചു.

 ആയുഷ്മാൻ ഭവ

എല്ലാദിവസവും ആയുഷ്മാൻ ഭവ സ്പെഷ്യൽ ക്ലിനിക്ക് പ്രവർത്തിക്കും. പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, കരൾ, വൃക്ക രോഗങ്ങൾ, കാൻസർ എന്നിവയ്ക്ക് പ്രതിരോധവും രോഗികൾക്ക് കൗൺസലിംഗ് ഉൾപ്പെടെ ചികിത്സയും യോഗയും ഹോമിയോപ്പതിയും സംയോജിപ്പിച്ച് സ്ഥായിയായ പരിഹാരമാണ് ആയുഷ്മാൻഭവ നൽകുന്നത്.

 ജനനി - വന്ധ്യതാ ക്ലിനിക്ക്

8 വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ജനനി വന്ധ്യതാ ചികിത്സ. എറണാകുളം ജില്ലാ ആശുപത്രിയിൽ രണ്ടുവർഷത്തിനിടെ 69 ഗർഭധാരണം നടന്നു. അതിൽ 35 കുഞ്ഞുങ്ങൾ ജനിച്ചു. ചികിത്സകൾ പരാജയപ്പെട്ടവർ, കൃത്രിമ ഗർഭധാരണം പരാജയപ്പെട്ടവർ, 35 വയസിന് മുകളിലുള്ളവർ, വിവാഹശേഷം 15 വർഷം വരെ കുട്ടികളില്ലാത ദമ്പതികൾ എന്നിവർക്ക് ചികിത്സ ലഭിക്കും. ശരിയായ പരിശോധനയിലൂടെ യഥാർത്ഥ കാരണം കണ്ടെത്തിയാണ് ഹോമിയോപ്പതി വന്ധ്യത ചികിത്സ നടത്തുന്നത്. ലബോറട്ടറി സൗകര്യമുൾപ്പെടെ ജില്ല ആശുപത്രിയിലുണ്ട്.

 സദ്ഗമയ

കുട്ടികളുടെ ബൗദ്ധിക മാനസിക വികാസം ലക്ഷ്യമാക്കിയുള്ള ചികിത്സാ പദ്ധതിയാണ് സദ്ഗമയ. പെരുമാറ്റ ദൂഷ്യം, അമിതകോപം, മോഷണപ്രവണത, പഠനവൈകല്യം, ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും കൗൺസിലിംഗും ചികിത്സയുമുണ്ട്.

 ആസ്തമ അലർജി ക്ലിനിക്ക്

ശ്വാസകോശ സംബന്ധമായ അലർജി മാത്രമല്ല, മരുന്നിനോടും ചില ഭക്ഷണപദാർത്ഥങ്ങൾ, ത്വക്ക് എന്നിവയുമായി ബന്ധപ്പെട്ട അലർജികൾക്ക് ചികിത്സയുണ്ട്.

 ചേതന- സ്വാന്തന ചികിത്സ

ആഴ്ചയിൽ ഒരുദിവസം ഒ.പിയും നാല് ദിവസം വീടുകളിലെത്തി ചികിത്സയും നൽകുന്നു. കിടപ്പ് രോഗികൾക്കുണ്ടാകുന്ന മുറിവുകൾ പുറത്തുണ്ടാകുന്ന വ്രണം തുടങ്ങിയ കാര്യങ്ങളിൽ മരുന്നും പരിചരണവും ലഭ്യാണ്. വാട്ടർബെഡ്, എയർ ബഡ്, വാക്കർ, ഡയപ്പർ തുടങ്ങിയവയും നൽകുന്നുണ്ട്.

 ലബോറട്ടറി

രക്തപരിശോധന, ഇ.സി.ജി., സ്കാനിംഗ് തുടങ്ങിയ പരിശോധനകളും ആശുപത്രിയിൽ ലഭ്യമാണ്. ബി.പി.എൽ മഞ്ഞ റേഷൻ കാർഡുകാർക്ക് ലബോറട്ടറി സേവനം പൂർണമായും സൗജന്യമാണ്. പിങ്ക് കാർഡുകാർക്ക് പകുതി നിരക്കും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കുമാണ് ഈടാക്കുന്നത്. സ്കാനിംഗ് ആവശ്യമുള്ളവർ: 9496528045 എന്ന നമ്പരിൽ ബുക്കു ചെയ്യണം.

 യോഗ ചികിത്സ

എല്ലാ ദിവസവും രാവിലെ 7 മുതൽ 9 വരെ 3 ബാച്ചുകളിലായി ഓൺലൈൻ പരിശീലനവും ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്കുവേണ്ടി പരിശീലനവും നൽകുന്നുണ്ട്.