മരട്: കൊവിഡ് പ്രതിരോധ സാമഗ്രികൾ ഇല്ലെന്നാരോപിച്ച് മരടിൽ ആശാ വർക്കർമാർ പ്രതിഷേധിച്ചു. കൊവിഡ് പ്രതിരോധത്തിനാവശ്യമായ മാസ്ക്, സാനിറ്റൈസർ, മുഖാവരണം എന്നിവ നൽകാത്ത മരട് മുനിസിപ്പാലിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മരട് മുനിസിപ്പൽ ഓഫീസിനു മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
സമരം ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.പി. ലവ്‌ലി ഉദ്ഘാടനം ചെയ്തു. വിമൽ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി എസ്. മധുസൂതനൻ, എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ്, എം.പി. സുനിൽ കുമാർ, ശാലിനി അനിൽരാജ് എന്നിവർ സംസാരിച്ചു.
സമരം രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭ ചെയർമാൻ
നഗരസഭയിൽ ആശാ വർക്കർമാർ നടത്തിയ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. 33 ആശാ പ്രവർത്തകരുള്ള മരട് നഗരസഭയിൽ 10 പേർ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്. ആവശ്യപ്പെട്ടിട്ട് നടപ്പാക്കാത്തതായ ഒരു കാര്യം പോലും സമരം ചെയ്ത ആശാ പ്രവർത്തകർമാർ നഗരസഭയ്ക്ക് മുന്നിൽ ഉന്നയിച്ചിട്ടില്ല. ആശാ പ്രവർത്തകർക്കു വേണ്ടുന്നതായ എല്ലാ സൗകര്യങ്ങളും നഗരസഭ നാളിതു വരെ നൽകി വരുന്നുണ്ട്. രാഷ്ട്രീയം കളിച്ച് ആശാ വർക്കർമാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനായിട്ടാണ് തിങ്കളാഴ്ച്ച നടത്തിയ സമരമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ ആരംഭകാലം മുതൽക്കേ ആശാ പ്രവർത്തകർക്ക് വേണ്ടുന്നതായ സൗകര്യങ്ങൾ എല്ലാം നഗരസഭ ഉറപ്പു വരുത്തിയിട്ടുമുണ്ട്. തീർത്തും അനാവശ്യമായ ഒരു സമരമാണ് നഗരസഭയിൽ അരങ്ങേറിയതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.