
കൊച്ചി: സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ പാചകപ്പുരയും അനുബന്ധ സ്റ്റോറേജും മാർച്ചോടെ മോഡേണാകും. കർശന നിർദ്ദേശത്തോടെ പിൻവലിച്ച ഫണ്ട് സർക്കാർ തിരികെ സ്‌കൂളുകൾക്ക് നൽകി ഉത്തരവായി. കിച്ചൻ കം സ്റ്റോറേജ് പദ്ധതി അവതാളത്തിലായത് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വിദ്യഭ്യാസ വകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കുകയായിരുന്നു.
പദ്ധതിക്ക് 124.71 കോടി രൂപയാണ് അനുവദിച്ചത്. ഇന്ന് മുതൽ ബന്ധപ്പെട്ട സ്‌കൂളുകൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ തുക തിരികെ നൽകും. 2011ലാണ് കിച്ചൻ കം സ്‌റ്റോറിന്റെ നിർമ്മാണത്തിനായി 137.66 കോടി രൂപ അനുവദിച്ചത്. 187 സ്‌കൂളുകൾക്ക് മാത്രമേ അന്ന് തുക സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. തുക ലാപ്‌സാവാതിരിക്കാൻ ചെലവഴിക്കാൻ കഴിയാതിരുന്ന 124.71 കോടി രൂപ തിരികെയെടുക്കുകയായിരുന്നു.
മാർച്ചിൽ തീർക്കണം
സർക്കാർ തുക പിൻവലിച്ചതോടെ പാചകപ്പുരയുടെയും അനുബന്ധ സ്റ്റോറേജിന്റെയും നിർമ്മാണം പല സ്കൂളുകളിലും തടസപ്പെട്ടു. നിരവധി സ്കൂളുകൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഫണ്ട് തിരിച്ചെടുത്തത് വാർത്തയായതോടെ തുക സ്‌കൂളുകൾക്ക് റീ അലോട്ട് ചെയ്യാൻ തിങ്കളാഴ്ച്ച ഉത്തരവിറക്കുകയായിരുന്നു. ഫണ്ട് അടിയന്തരമായി സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ടുകളിലേക്ക് കൈമാറും. മാർച്ച് 31നകം സ്‌കൂളുകളിൽ പദ്ധതി പൂർത്തിയാക്കണം. ബന്ധപ്പെട്ട വിദ്യാഭ്യാസ് ഉപ ഡയറക്ടർമാർ നിർമ്മാണ പുരോഗതി വിലയിരുത്തണം.
പണി നിരീക്ഷിക്കാൻ കമ്മിറ്റി
വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, പ്രധാന അദ്ധ്യാപകൻ, സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയിലെ രണ്ട് അദ്ധ്യാപകർ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ മരാമത്ത് എൻജിനീയർ തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റിയ്ക്കാണ് നിർമ്മാണത്തിന്റെ ചുമതല. ഇതിനായി എല്ലാ സ്കൂളുകളിലും കമ്മിറ്റികൾ രൂപീകരിക്കണം. തദ്ദേശ സ്ഥാപനത്തിന്റെ മേൽ നോട്ടത്തിലാണ് കിച്ചൻ കം സ്‌റ്റോർ നിർമ്മിക്കേണ്ടത്.
ജില്ല - തിരികെ ലഭിക്കുന്ന തുക (കോടി )
തിരുവനന്തപുരം- 6.5
കൊല്ലം-8.65
പത്തനംതിട്ട -3.64
ആലപ്പുഴ -10.46,
കോട്ടയം -10.04
ഇടുക്കി - 3.15
എറണാകുളം- 5.58
തൃശൂർ-10.12
പാലക്കാട് -9.39
മലപ്പുറം- 21.72
കോഴിക്കോട് -12.02
വയനാട് - 1.51
കണ്ണൂർ -16.11
കാസർകോട് - 5.6