
കൊച്ചി: വർഷങ്ങൾ നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് അവസാനമിട്ട് ബ്രഹ്മപുരം നിക്ഷേപ കേന്ദ്രത്തിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്റെ ഭാഗമായി ബയോമൈനിംഗ് ആരംഭിച്ചു. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) മുഖേന തെരഞ്ഞെടുത്ത് കൊച്ചി നഗരസഭ കരാർ നൽകിയ സോൺ ഇൻഫ്രാടെക് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.
പ്ലാസ്റ്റിക് ഉൾപ്പെടെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഒമ്പതുമാസം കൊണ്ട് ബയോമൈനിംഗിലൂടെ ശാസ്ത്രീയമായി സംസ്കരിക്കുമെന്നാണ് കരാർ.
54 കോടി രൂപയുടെ പദ്ധതിക്ക് മൊത്തം ചെലവിന്റെ 15 ശതമാനം തുക മൊബിലൈസേഷൻ അഡ്വാൻസായി കരാറുകാരന് അനുവദിക്കും. 8.23 കോടി രൂപയാണ് ഇത്തരത്തിൽ നൽകുക. കമ്പനി അവതരിപ്പിച്ച പ്രവർത്തന രൂപരേഖ കൗൺസിൽ ചർച്ച ചെയ്തു.
മാലിന്യം
കുഴിച്ചുമൂടും
ബയോമൈനിംഗിന് ശേഷം ജൈവമാലിന്യം കുഴിച്ചുമൂടാൻ എട്ട് ഏക്കർ സ്ഥലം മാത്രമേ ആവശ്യമായി വരികയുള്ളൂവെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഡമ്പിംഗ് യാർഡിലെ 80 ശതമാനം സ്ഥലവും കോർപ്പറേഷന് ഉപയോഗിക്കാൻ സാധിക്കും.
മൊബൈലൈസേഷൻ അഡ്വാൻസ് നൽകാൻ കോർപ്പറേഷൻ മറ്റ് ഫണ്ടുകളെ ആശ്രയിക്കേണ്ടി വരുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.
ജനപ്രതിനിധികൾ അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തനം വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ കമ്പനിയുടെ വർക്ക് ഇംപ്ലിമെന്റേഷൻ പ്ലാൻ പരിശോധിച്ച് നിർദ്ദേശം നൽകാനും പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാനും മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ, ഗവ. എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചു. സമിതി തത്വത്തിൽ അംഗീകരിച്ച പ്ലാനാണ് തിങ്കളാഴ്ച കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്.
ലീച്ചറ്റ് പ്ളാന്റ്
50 ലക്ഷം രൂപ അടങ്കലുള്ള ബ്രഹ്മപുരം ലീച്ചറ്റ് പ്ലാന്റിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിന് ക്ഷണിച്ച റീടെൻഡറിൽ അൾട്രാടെക്ക് എൻവയോൺമെന്റ് കൺസൾട്ടൻസി ആൻഡ് ലബോറട്ടറി എന്ന സ്ഥാപനത്തിന്റെ ടെൻഡർ അംഗീകരിച്ചു.
ലഭ്യമായ രണ്ടെണ്ണത്തിൽ ഡി.പി.ആർ നിരക്കിന്റെ 2.2 ശതമാനം കുറച്ച് രേഖപ്പെടുത്തിയത് ഈ സ്ഥാപനമാണ്.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ബയോമൈനിംഗിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചത്. ജൈവ, അജൈവ മാലിന്യം തരംതിരിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ സംസ്കരണത്തിനായി മാറ്റി ബാക്കി കുഴിച്ചുമൂടുകയാണ് ചെയ്യുക. മാലിന്യത്തിൽ നിന്നൂറി വരുന്ന ജലം സംസ്കരിക്കുന്നതിനാണ് ലീച്ചറ്റ് പ്ളാന്റ് സ്ഥാപിക്കുന്നത്.