ആലുവ: ആരാധനാലയങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് വിശ്വാസികൾക്ക് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഒരു വിഭാഗത്തിന്റെ മാത്രം ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്നും സി.പി.എം സമ്മേളനങ്ങൾ വിപുലമായി ആളുകളെ പങ്കെടുപ്പിച്ച് കൊവിഡ് വ്യാപനത്തിന് അവസരം ഒരുക്കിയശേഷം ആരാധനാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രം നടത്തണമെന്നുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണ്. ആരാധനാലയങ്ങളിൽ മുൻകൂടി നിശ്ചയിച്ച തിരുനാളുകളും ഉത്സവങ്ങളും കൊവിഡ് മാനദണ്ഡപ്രകാരം നടത്താൻ അനുമതി നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.