കളമശേരി: നഗരസഭ അഞ്ചാം വാർഡിലെ കാന നിർമ്മാണത്തിനെതിരെ സമീപവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പാതിരക്കാട്ടുകാവ് റോഡിൽ കുടിവെള്ള പൈപ്പിന് മുകളിലൂടെ കോൺക്രീറ്റ് ചെയ്താണ് കാന നിർമ്മാണം. നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് നിർമ്മാണ പ്രവ‌‌ർത്തനങ്ങൾ നിർത്തിയിരിക്കുകയാണ്. നിർമ്മാണം പുനരാരംഭിക്കാനുള്ള തീരുമാനത്തിനെതിരെ പള്ളത്ത് പാതിരാക്കാട്ടുകാവ് റസിഡൻസ് അസോസിയേഷനും പുളിയാന വീട്ടിൽ വിജിയും നഗരസഭ സെക്രട്ടറിക്ക് വീണ്ടും കത്തു നൽകി.

റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലെയും അനുബന്ധ കെട്ടിടങ്ങളിൽ നിന്നുമുള്ള വെള്ളം ഒഴുക്കി കളയുന്നതിന് നഗരസഭയുടെ ചെലവിൽ 15 ലക്ഷം രൂപ മുടക്കിയാണ് കാന നി‌ർമ്മിക്കുന്നത്. എൻജിനീയറിംഗ് വിഭാഗത്തിനെതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഓവർസിയർക്ക് പരാതി കൈമാറി.