
കൊച്ചി: അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ ദിലീപ് ഹാജരാക്കിയ ആറ് മൊബൈൽ ഫോണുകൾ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇവ അന്വേഷണ സംഘത്തിന് കൈമാറരുതെന്നും കോടതിയുടെ മേൽനോട്ടത്തിൽ പരിശോധിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കണക്കിലെടുത്താണ് ജസ്റ്റിസ് പി. ഗോപിനാഥ് രജിസ്ട്രാർ ജനറലിന് ഈ നിർദ്ദേശം നൽകിയത്.
ഫോണുകൾ തുറക്കാനുള്ള പാസ്‌വേഡുകൾ പ്രതികൾ മജിസ്ട്രേട്ട് കോടതിക്ക് നൽകണം. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കു നൽകുന്നതടക്കമുള്ള കാര്യങ്ങൾ മജിസ്ട്രേട്ട് കോടതി തീരുമാനിക്കും. ഫോണുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി ആവശ്യപ്പെട്ടു.
ഒരു പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിലീപിനോടു ചോദ്യം ചോദിച്ചപ്പോൾ, ഇത്തരം ചോദ്യം ചെയ്യലുമായി തനിക്കു സഹകരിക്കാനാവില്ലെന്നു പറഞ്ഞ് എഴുന്നേറ്റത് പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നതിനു തെളിവായി ഡി.ജി.പി ചൂണ്ടിക്കാട്ടി. ദിലീപ് ഹാജരാക്കിയ ഫോണുകൾ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടവയാണോയെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
രജിസ്ട്രാർ ജനറലിന്റെ കൈവശമുള്ള ഫോണുകൾ വിളിച്ചു വരുത്തിയ സിംഗിൾബെഞ്ച് അവ പരിശോധിക്കാൻ നിർദ്ദേശിച്ചു. അര മണിക്കൂറിലേറെ സമയവും നൽകി. ആറു ഫോണുകളിൽ അഞ്ചെണ്ണം തങ്ങളാവശ്യപ്പെട്ടവയാണെന്ന് ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ച് പ്രോസിക്യൂഷൻ ഉറപ്പാക്കി. ഒരെണ്ണം (സുരാജിന്റെ ഫോൺ) ആവശ്യപ്പെട്ടതു തന്നെയാണോയെന്നറിയാൻ കൂടുതൽ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ ഇതിനായി ഫോൺ കൈമാറുന്നതിനെ പ്രതിഭാഗം എതിർത്തു. ഫോണുകൾ കോടതിക്ക് കൈമാറുന്നതിനോട് പ്രോസിക്യൂഷനും യോജിച്ചു. ദിലീപ് കൂടുതൽ ഫോണുകൾ ഉപയോഗിച്ചതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അവ കൂടി ലഭ്യമാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
മുൻകൂർ ജാമ്യ ഹർജികൾ നാളെ
ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഫെബ്രുവരി മൂന്നിന് പരിഗണിക്കാൻ മാറ്റി. പ്രതികൾക്ക് കോടതി പ്രത്യേക പരിഗണന നൽകുന്നതായി ആക്ഷേപമുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഹർജികൾ പരിഗണിക്കവേ സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. പ്രതികൾക്ക് പ്രത്യേക പരിഗണന നൽകുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. മാത്രമല്ല, നാളെ ഇതു കീഴ്‌വഴക്കമാകാനും സാദ്ധ്യതയുണ്ട് - കോടതി പറഞ്ഞു.