കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്ന തമ്മനം –പുല്ലേപ്പടി റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് ഒരുങ്ങി കോർപ്പറേഷൻ. ഇതിന് മുന്നോടിയായി കിഫ്‌ബിയോട് കൂടുതൽ ധനസഹായം ആവശ്യപ്പെടും.

ഭൂമി ഏറ്റെടുക്കലിന് 150 കോടി രൂപ കൂടുതലായി ഉൾപ്പെടുത്തി തമ്മനം–പുല്ലേപ്പടി റോഡിന്റെ വിശദമായ പദ്ധതി രൂപരേഖ (ഡി.പി. ആർ) കഴിഞ്ഞ ആഴ്ച്ച അംഗീകരിച്ചിരുന്നു. മേയർ എം. അനിൽകുമാറിന്റെ ചേംബറിൽ കളക്ടർ ജാഫർ മാലിക്കിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകന യോഗമാണ് ഡി.പി.ആറിന് അംഗീകാരം നൽകിയത്.
റോഡിനായി 2.1952 ഹെക്ടർ ഭൂമി ഇതിനോടകം കോർപ്പറേഷൻ ഏറ്റെടുത്തു. ഇനി 3.6734 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കണം. ഫ്രീ സറണ്ടറായി 164.73 ആർ ഭൂമി ലഭിച്ചു. സർക്കാർ കൊടുത്ത 25 കോടി രൂപ ഉപയോഗപ്പെടുത്തി 54.79 ആർ ഭൂമി ഏറ്റെടുത്തിട്ടുമുണ്ട്. നേരത്തേ ഭൂമി ഏറ്റെടുക്കാൻ 93.89 കോടി രൂപയാണ് ഡി.പി. ആറിൽ ഉൾപ്പെടുത്തിയിരുന്നത്. ഭൂമി ഏറ്റെടുക്കലിന് മാത്രം 250 കോടി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഡി.പി.ആറിൽ പറയുന്ന 169.88 കോടി രൂപയോടൊപ്പം 150 കോടി രൂപ കൂടുതലായി ഭൂമിയേറ്റെടുക്കലിന് ഉൾക്കൊള്ളിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. തുടർന്ന് പദ്ധതി ചെലവ് 320 കോടി രൂപയായി ഉയർത്താനും യോഗം തീരുമാനിച്ചു. ഇക്കാര്യം സർക്കാരിനെയും കിഫ്ബിയെയും അറിയിക്കും. കിഫ്ബി ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും.

 ഭൂമി ഉടൻ കൈമാറും

ഡി.പി.ആറിന് അംഗീകാരം ലഭിച്ചതോടെ കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭിക്കാനുള്ള വഴി തെളിഞ്ഞു. തമ്മനം–പുല്ലേപ്പടി റോഡിന്റെ ഉടമസ്ഥത പൊതുമരാമത്തുവകുപ്പിന് കൈമാറുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ കൗൺസിൽ വന്നശേഷം അതിനുള്ള ശ്രമങ്ങൾ അതിവേഗം നടന്നുവരികയാണ്. സാങ്കേതികമായി ഒരുപാട് നൂലാമാലകളുള്ള കാര്യമാണിത്. തുടർച്ചയായ പരിശോധനയും മോണിറ്ററിംഗും നടത്തി. ഭൂമി കൈമാറുന്ന പ്രവർത്തനങ്ങൾ ഏറ്റവും അവസാനഘട്ടത്തിലാണ്. രണ്ട് ഫ്ളൈഓവറുകൾ നിർമ്മിക്കണമെന്ന ശുപാർശ തത്കാലം പരിഗണനയിലില്ല.

 ഫയലിൽ കുരുങ്ങി


തമ്മനം–പുല്ലേപ്പടി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ മുൻ യു.ഡി.എഫ് ഭരണസമിതി തീരുമാനമെടുത്തെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തത് തിരിച്ചടിയായി. ഡി.പി.ആറില്ലാത്തതിനാൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. . പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന കെ.ആർ.എഫ്. ബി ഡി.പി.ആർ തയ്യാറാക്കാൻ വിസമ്മതിച്ചു. എൽ.ഡി. എഫ് ഭരണസമിതി ചുമതലയേറ്റതോടെ മേയറിന്റെ ഇടപെടലിനെ തുടർന്ന് കളക്ടർ കെ.ആർ.എഫ്.ബിക്ക് ഡി.പി. ആർ തയ്യാറാക്കാൻ നിർദ്ദേശം നൽകിയതോടെ പ്രതിസന്ധി നീങ്ങി.