road
എം.എൽ.എയും ഉദ്യോഗസ്ഥരും സമരസമിതി ഭാരവാഹികളും ചേർന്ന് റോഡിൽ സന്ദർശനം നടത്തുന്നു

കോലഞ്ചേരി: തടസങ്ങൾ നീങ്ങി, മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് നിർമ്മാണം ഉടൻ പുനരാരംഭിക്കും. മണ്ണൂർ റോഡ് സംരക്ഷണ സമിതി ആരംഭിച്ച സമര പരമ്പരകൾക്കൊടുവിലാണ് മുടങ്ങിക്കിടന്ന റോഡ് നിർമ്മാണ തടസങ്ങൾ പരിഹരിച്ച് പുനരാരംഭിക്കുന്നത്. കഴിഞ്ഞദിവസം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുമായും സമരസമിതി ഭാരവാഹികളുമായി മണ്ണൂരിലെ സമരപ്പന്തലിൽ ചർച്ച നടത്തി. തുടർന്ന് റോഡിന്റെ വിവിധഭാഗങ്ങൾ സന്ദർശിക്കുകയും റോഡിന്റെ നിർമ്മാണ അപാകതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നതിനുള്ള നിർദ്ദേശവും ഉദ്യോഗസ്ഥർക്ക് നൽകി. ഐരാപുരം കയ്യാണിക്കൽ ജംഗ്ഷനിൽ നിന്നും പണികൾ ആരംഭിക്കും. റോഡിൽ നിരത്തിയിരുന്ന വെറ്റ്മിക്സ് ഇളകിപ്പോയ ഭാഗങ്ങളിൽ വീണ്ടും നിരത്തും. മണ്ണൂർ ജംഗ്ഷനിൽ കൾവർട്ടുകൾ, കാനകൾ എന്നിവയുടെ പണികൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി.