m
കാലടി സമാന്തര പാലത്തിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുത്ത് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി അതിർത്തിക്കൽ സ്ഥാപിക്കുന്നു.

കുറുപ്പംപടി: നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അതിർത്തി നിർണ്ണയിച്ച് കല്ല് സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. ഭൂമിയേറ്റെടുക്കൽ നടപടികൾക്കുള്ള ഉത്തരവ് ലഭ്യമായതോടെ ഏറ്റെടുക്കുന്ന ഭൂമി ഉടമകളെ എം.എൽ.എ നേരിട്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.

പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി റോഡിൽ പെരിയാറിന് കുറുകെയുള്ള കാലടി പാലത്തിന് അര നൂറ്റാണ്ടിലെ പഴക്കമുണ്ട്. സമാന്തരപാലം വരുന്നതോടെ എം.സി റോഡ് വഴി തെക്കൻ മേഖലയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഗതാഗതക്കുരുക്ക് ഇല്ലാതെ ഇനി യാത്ര ചെയ്യാൻ സാധിക്കും. ടൂറിസം ഇടത്തിൽ പ്രധാനപങ്ക് വഹിക്കുന്ന കാലടിക്ക് ഒരു മുതൽക്കൂട്ടായി പുതിയ പാലം മാറും.

 42 കോടി രൂപയുടെ ഭരണാനുമതി

കാലടി ശ്രീശങ്കര പാലത്തിന്റെ ബലക്ഷയം മൂലം പുതിയ പാലത്തിന് 2011 ൽ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുകയ്ക്കുള്ള പുതിയ പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചുകൊണ്ട് പെരുമ്പാവൂർ മണ്ഡലത്തിലെ ചേലാമറ്റം വില്ലേജ് പരിധിയിൽ 25 സെന്റ് സ്ഥലവും കാലടി വില്ലേജിൽ 5 സെന്റ് സ്ഥലവുമാണ് നിർദ്ധിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത്. ഈ പ്രദേശത്ത് അതിർത്തി തിരിച്ചു കല്ലുകൾ സ്ഥാപിച്ചു. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടീച്ചർ, ബ്ലോക്ക് മെമ്പർമാരായ എം.കെ.രാജേഷ്‌, സി.കെ.ബാബു, വാർഡ് മെമ്പർമാരായ മിനി സാജൻ, സോളി ബെന്നി, മിഥുൻ ടി.എൻ, അമൃതാ സജിൻ, വിവിധ രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ, പിഡബ്ല്യുഡി ബ്രിഡ്ജസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷൈനി കെ.സി, ഓവർസിയർമാരായ രഞ്ജിത്ത് വി.ജി, ഷാനി എന്നിവർ സന്നിഹിതരായിരുന്നു. ഈമാസം നാലിന് കാലടി സമാന്തരപാലം നിർമ്മാണത്തിനോടനുബന്ധിച്ച് കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.