മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരുടെ ഗ്രാൻഡിൽ പ്രതിവർഷം 12,000 രൂപ വർദ്ധിപ്പിച്ച സർക്കാരിനെ ലൈബ്രേറിയൻസ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി അഭിനന്ദിച്ചു. അടുത്ത ദിവസംമുതൽ വിതരണം ചെയ്യുന്നത് പുതുക്കിയ അലവൻസാണ്. അലവൻസിൽ ഗണ്യമായ വർദ്ധന വരുത്തിയ സർക്കാർ തീരുമാനം ഉടനടി നടപ്പിലാക്കിയ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനെയും ലൈബ്രേറിയൻസ് യൂണിയൻ താലൂക്ക് കമ്മിറ്റി അഭിനന്ദിച്ചു. വർഷത്തിൽ രണ്ട് ഗഡുക്കളായിട്ടാണ് അലവൻസ് ലൈബ്രേറിയൻമാർക്ക് നൽകുന്നത്. വർദ്ധിച്ച അലവൻസ് സഹിതം എ,ബി,സി ഗ്രേഡ് ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാർക്ക് 24,720 രൂപയും ഡി,ഇ,എഫ് ഗ്രേഡ് ഗ്രന്ഥശാലകൾക്ക് 22,920 രൂപയുമാണ് ഒന്നാംഗഡുവായി ലഭിക്കുന്നതെന്നും യൂണിയൻ താലൂക്ക് സെക്രട്ടറി പി.ഒ. ജയൻ അറിയിച്ചു.