monson-mavunkal

കൊച്ചി: 86 ലക്ഷം രൂപയുടെ ആഡംബര കാറുകൾ തട്ടിയെടുത്തതിന് പുരാവസ്തു- തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. ബംഗളൂരു സ്വദേശിയും മഹാബലേശ്വർ കാർ സർവീസ് സ്റ്റേഷൻ ഉടമയുമായ കെ. രാജേഷാണ് പരാതിക്കാരൻ. ഇതോടെ മോൻസണിനെതിരെയുള്ള കേസുകളുടെ എണ്ണം 14 ആയി.

2019ലാണ് കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ച് ബംഗളൂരുവിലെത്തിയ മോൻസൺ കാറുകൾ പണം നൽകാതെ കൈക്കലാക്കിയത്. ജയലിലുള്ള മോൻസണെ ഉടൻ അറസ്റ്റ് ചെയ്യും. പോക്‌സോയടക്കം നാല് കേസുകളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവയിലും കുറ്റപത്രം ഉടൻ നൽകും.

കലൂരും ചേർത്തലയിലുമായി 30 ആഡംബര വാഹനങ്ങളാണ് മോൻസണുള്ളത്. ഒരെണ്ണം മാത്രമാണ് കേരള രജിസ്ട്രേഷൻ. മോട്ടോ‌ർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഇവയിൽ പലതും രൂപമാറ്റം വരുത്തിയവയാണെന്ന് കണ്ടെത്തിയിരുന്നു. കലൂരിലെ വീട്ടിലുണ്ടായിരുന്ന ഏഴ് വാഹനങ്ങളിൽ ഒന്നൊഴികെയെല്ലാം വ്യാജ നമ്പരിലായിരുന്നു.

 കരീനയുടെ കാറും

മോൻസണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തവയിൽ ബോളിവുഡ് താരം കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പോർഷെ കാറുമുണ്ടായിരുന്നു. ശ്രീവത്സം ഗ്രൂപ്പും മോൻസണുമായുണ്ടായ നിയമതർക്കത്തെ തുടർന്ന് പൊലീസ് പിടിച്ചെടുത്ത 20 ആഡംബര വാഹനങ്ങളിലൊന്നാണ് കരീനയുടെ പേരിലുള്ളത്.

കാറുകൾ

 ആകെ- 30

 കലൂരിൽ- 7

 ചേർത്തലയിൽ- 3

 പൊലീസ് സ്റ്റേഷനിൽ- 20