 
മൂവാറ്റുപുഴ: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ കൊവിഡ് കെയർ സെന്റർ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന്റെ മുന്നോടിയായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ നിർദ്ദേശപ്രകാരം ഉന്നതസംഘം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പരിശോധന നടത്തി. ബെഡുകളുടെ കുറവുമൂലം ഒരുരോഗിക്കു പോലും ചികിത്സ ലഭ്യമാകാതിരിക്കരുതെന്ന ആരോഗ്യമന്ത്രിയുടെ കർശനമായ നിർദ്ദേശത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് ഉന്നത സംഘം മൂവാറ്റുപുഴയിലെത്തിയത്. ആശുപത്രിയിലെ കുറവ് ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ എം.എൽ.എ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൊവിഡ് കെയർ സെന്റർ ആവശ്യമായ സൗകര്യത്തോടെ തുറന്ന് പ്രവർത്തിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്കാണ് ആരോഗ്യവകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നത്. ഇതിന്റെ തുർച്ചയായാണ് ഡോ. ശിവദാസിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിയത്.
അറ്റകൂറ്റപ്പണി പൂർത്തിയാക്കി 50 ബെഡുകളുള്ള കൊവിഡ് കെയർ സെന്ററിന്റെ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് പരിശോധനാസംഘം സ്ഥലത്തുണ്ടായിരുന്ന മാത്യു കുഴൽനാടൻ എം.എൽ.എയെ അറിയിച്ചു. മുനിസിപ്പൽ പേവാർഡ് കോംപ്ലക്‌സിലെ ഡ്രൈനേജ് ബ്ലോക്കായതോടെ പേ വാർഡിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് സെന്റർ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ 15 ബെഡുകൾ മാത്രമാണുള്ളത്. പേ വാർഡിലെ കൊവിഡ് കെയർ സെന്ററിൽ ഓക്‌സിജൻ ലൈൻ അടക്കം മുഴുവൻ സൗകര്യങ്ങളും ഒരുക്കിയിട്ട് മാസങ്ങളായിരുന്നു. മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അബ്ദുൽ സലാം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാടൻ, ആശുപത്രി സൂപ്രണ്ട് ഡോ. രേഖ അരവിന്ദ് എന്നിവരും സന്നിഹിതരായിരുന്നു.