nagaram
സെയ്തു കുഞ്ഞിന്റെ നഗര ശുചീകരണ പ്രവർത്തനത്തിന്റ ഉദ്ഘാടനം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഓവർക്കോട്ടും തൊപ്പിയും ഷൂവും ധരിച്ച് മാലിന്യം നീക്കാനെത്തിയ പുതിയ നഗരശുചീകരണ തൊഴിലാളിയെ കണ്ട നാട്ടുകാർ ആദ്യമൊന്നമ്പരന്നു. പിന്നീട് അമ്പരപ്പ് ആദരവിന് വഴിമാറി. ഇത് സൈയ്തു കുഞ്ഞ് മഠത്തിൽ. റിട്ട.എഫ്.എ.സി.ടി. ജീവനക്കാരൻ. ഇനി ഒരാഴ്ച മൂവാറ്റുപുഴ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ഒപ്പം സൈയ്തു കുഞ്ഞും നഗരം ശുചിയാക്കാൻ ഉണ്ടാകും. പലതുകൊണ്ടും വ്യത്യസ്ഥനാണ് ഈ 63കാരൻ. കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിന്ന് റിട്ടയറായി, പെൻഷനും വാങ്ങി വീട്ടിൽ വെറുതെയിരിക്കാൻ ബധിരനും മൂകനുമായ ഇദ്ദേഹത്തിനാകില്ല. മൂന്നു പതിറ്റാണ്ട് മുമ്പ് ഗാന്ധിജയന്തി ദിനത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ എല്ലാം കഴുകി വൃത്തിയാക്കിയാണ് തുടക്കം. അന്ന് ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് ഇയാൾ ബസുകൾ കഴുകി സംസ്ഥാനത്തിന്റെതന്നെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതിനുശേഷം എല്ലാവർഷവും വിവിധ ഡിപ്പോകളിലെ നിരവധി ബസുകൾ കഴുകി. കഴിഞ്ഞദിവസം രാവിലെ മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യം നീക്കംചെയ്ത് തുടങ്ങിയ തൊഴിലാളികൾക്കൊപ്പമാണ് സെയ്തുകുഞ്ഞും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എല്ലാ ദിവസവും ഫുൾ സ്യൂട്ടിൽ തന്നെ നഗരശുചീകരണം നടത്താനാണ് സെയ്തുകുഞ്ഞിന്റെ തീരുമാനം. ഏതു തൊഴിലിനും അതിന്റെ മഹത്വമുണ്ടന്നും റോഡും പരിസരവും വൃത്തിയാക്കുന്നത് നല്ല വസ്ത്രങ്ങൾ തന്നെ ധരിച്ച് ചെയ്യണമെന്നുമാണ് സെയ്തു കുഞ്ഞിന്റെ അഭിപ്രായം. സെയ്തു കുഞ്ഞിന്റെ നഗര ശുചീകരണ പ്രവർത്തനത്തിന്റ ഉദ്ഘാടനം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു: