കൊച്ചി: ദിലീപ് തനിക്കറിയില്ലെന്ന് പറയുന്ന ഐ ഫോണിൽ നിന്ന് പോയത് 2075 കോളുകൾ. 2021 ജനുവരി 21 മുതൽ ആഗസ്റ്റ് 31 വരെ 221 ദിവസം ഈ ഫോൺ ഉപയോഗിച്ചെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണ സംഘം പറയുന്ന ഒരു ഐ ഫോൺ ഏതാണെന്ന് തനിക്കറിയില്ലെന്നും അടുത്ത കാലത്തൊന്നും അത് ഉപയോഗിച്ചിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം രേഖാമൂലം വിശദീകരിച്ചിരുന്നു. ഈ വാദം പൊളിച്ചാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം എട്ടുമാസം ഉപയോഗിച്ച ഫോൺ തനിക്കറിയില്ലെന്ന് ദിലീപിന് എങ്ങനെ പറയാനാവുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. സഹോദരീ ഭർത്താവ് സുരാജ് ഏഴു വർഷമായി ഉപയോഗിച്ചിരുന്ന ഫോൺ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാക്കിയത് ഈ ഫോൺ തന്നെയാണോ എന്നുറപ്പിക്കാൻ കൂടുതൽ പരിശോധന വേണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
12000 കാളുകൾ വിളിച്ച ഫോൺ എത്തി
കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഹാജരാക്കിയ ഫോണുകളിൽ ദിലീപിന്റെ വിവോ ഫോൺ ഉണ്ടോയെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. വിവോ ഫോണിൽ നിന്ന് 12,000 കാളുകൾ വിളിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ഡിസംബർ വരെ ഫോൺ ഉപയോഗിച്ചിരുന്നെന്നും കാൾ രേഖകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. വിവോ ഫോൺ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ നോട്ടീസിൽ ഐ.എം.ഇ.ഐ നമ്പരിലെ രണ്ട് അക്കം തെറ്റിപ്പോയിരുന്നു. ഇന്നലെ പിഴവു തിരുത്തിയ പ്രോസിക്യൂഷൻ, ദിലീപ് ഈ ഫോൺ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ചു.
തുടരന്വേഷണത്തിന്
ഒരു മാസം മാത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയുള്ള തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണക്കോടതി.
ആറു മാസം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം നിരസിച്ചാണ് എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയുടെ ഉത്തരവ്. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചേക്കും.
തുടരന്വേഷണം ചൂണ്ടിക്കാട്ടി, വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതും വിചാരണക്കോടതി പരിഗണിച്ചു. പ്രോസിക്യൂഷൻ ഈ ഹർജി നൽകുന്നതിന് ഒരു മാസം മുമ്പ് തുടരന്വേഷണം ആരംഭിച്ചതാണ്. രണ്ടു മാസം തുടരന്വേഷണത്തിന് ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. രഹസ്യ വിചാരണ നടക്കുന്ന സാഹചര്യത്തിൽ തുടരന്വേഷണത്തിലും രഹസ്യ സ്വഭാവം പുലർത്തണമെന്ന് കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. സാക്ഷികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ സംരക്ഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ ഈ കേസിലും ബാധകമാണ്. മാർച്ച് ഒന്നിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വിശദീകരണം തേടി
ഒരു സാക്ഷിക്ക് റൂറൽ എസ്.പി മുഖേന സമൻസ് നൽകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. എസ്.പി ഓഫീസിൽ നിന്ന് നടപടിയെടുക്കുന്നതിനു പകരം സമൻസ് നെടുമ്പാശേരി പൊലീസിന് കൈമാറുകയാണ് ചെയ്തത്. ഇതിൽ വിശദീകരണം നൽകാൻ റൂറൽ എസ്.പിക്ക് നിർദ്ദേശം നൽകി. സാക്ഷിക്ക് ഡി.ജി.പി മുഖേന സമൻസ് നൽകാനും നിർദ്ദേശിച്ചു.