special
നൗഫൽ വീട്ടുമുറ്റത്ത് വിളഞ്ഞ ബറാബ പഴം വിളവെടുക്കുന്നു.

മൂവാറ്റുപുഴ: വിദേശ പഴങ്ങൾ വിളയുന്ന പായിപ്രയിലെ കൃഷിത്തോട്ടം കൗതുകമാകുന്നു. പായിപ്ര പ്ലാക്കുടി പി.എം.നൗഫലിന്റെ മുറ്റത്താണ് വിദേശപഴങ്ങൾ വിളയുന്ന കൃഷിത്തോട്ടമുള്ളത്. പരമ്പര്യമായി കൃഷിയെ സ്നേഹിക്കുന്ന കുടുംബത്തിലെ അംഗമാണ് നൗഫൽ. ലാറ്റിൻ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ മാത്രമുള്ള അപൂർവ്വ ഫലവൃക്ഷമായ ബറാബ പഴം നൗഫലിന്റെ വീട്ടുവളപ്പിൽ കായ്ച്ച് നിൽക്കുന്നത് നാട്ടുകാർക്കും കുടുംബത്തിനും ഒരേപോലെ കൗതുകമാണ്. മാങ്കോസ്റ്റീൻ പഴവർഗത്തിൽപെട്ട ബറാബ ലമൺ ഡ്രോപ്പ് മാങ്കോസ്റ്റീൻ, ചെറി മാങ്കോസ്റ്റീൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഒരുപാട് ഉയരത്തിൽ വളരാത്ത നിറയെ ചില്ലകൾ വരുന്ന ബറാബയുടെ കായകൾ മഞ്ഞ നിറമുള്ളതും നിലത്തുനിന്ന് പറിച്ചെടുത്ത് കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ളതുമാണ്. വർഷത്തിൽ മൂന്ന് തവണയെങ്കിലും കായ്ക്കുമെന്നതാണ് ബറാബയുടെ പ്രത്യേകത.

സാന്റോൾ, ദുരിയൻ, മിൽക്ക് ഫ്രൂട്ട്, മിറാക്കിൾ, ഫുലാസോൺ, കെപ്പൽ, ലോങ്ങൻ, മാംഗോസ്റ്റീൻ, നോനി, ട്രാഗൺ ഫ്രൂട്ട്, റംമ്പൂട്ടാൻ, ചെറി, വൈറ്റ് ഞാവൽ എന്നിവയാണ് ഇദ്ദേഹം നട്ട് പരിപാലിച്ച് വരുന്നത്. കൃഷി ചെയ്യുന്നതുപോലെ തന്നെ അതിൽ നിന്ന് കിട്ടുന്ന പഴങ്ങൾ മറ്റുള്ളവർക്ക് വിതരണം ചെയ്യാറുമുണ്ട്. പൂർണ്ണമായും ജൈവവളങ്ങളാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്നത്. ഇതോടൊപ്പം നാടൻ പഴങ്ങളുടെ വൻശേഖരം തന്നെ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. സി .പി. എം ഈസ്റ്റ് പായിപ്ര ബ്രാഞ്ച് സെക്രട്ടറിയായ ഇദ്ദേഹം പേഴയ്ക്കാപ്പിള്ളിയിൽ കൈരളി ചിപ്‌സ് സെന്റർ നടത്തിവരികയാണ്. എത്ര തിരക്കുണ്ടങ്കിലും എന്നും കൃഷിയിടത്തിലിറങ്ങി കൃത്യമായി പരിചരിക്കാൻ സമയം കണ്ടെത്തുന്ന നൗഫലിന് പിന്തുണയുമായി ഭാര്യ നിസയും മക്കളായ ഹിന നസറിൻ, ഹംദാൻ ഹാദി, ഇഫ്രാ സംറിനും കൂടെയുണ്ട്.