work-shop
തീ പിടിത്തമുണ്ടായ വർക്ക്ഷോപ്പിൽ തീ കെടുത്താനുള്ള ശ്രമം ഫയർഫോഴ്സ് നടത്തുന്നു

കിഴക്കമ്പലം: താമരച്ചാൽ ജംഗ്ഷന് സമീപം മാസങ്ങളായി അടച്ചിട്ടിരുന്ന തടി വർക്ക്ഷോപ്പിൽ തീപിടിത്തം. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ അഞ്ചോടെ നടക്കാൻ ഇറങ്ങിയവരാണ് തീ പടരുന്നത് കണ്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. പട്ടിമ​റ്റത്ത് നിന്നും ആലുവയിൽനിന്നും മൂന്ന് യൂണി​റ്റ് ഫയർഫോഴ്‌സ് എത്തി ഏഴോടെയാണ് തീ അണച്ചത്. ഷെഡ്ഡിനുള്ളിൽ സൂക്ഷിച്ചിരുന്ന മരത്തിന്റെ കട്ടിള, ജനൽ , അതിനുള്ള തടികളും ഷെഡ്ഡും അവിടെ സൂക്ഷിച്ചിരുന്ന മുഴുവൻ സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. കിഴക്കമ്പലം മുട്ടൻതോട്ടിൽ ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കൊവിഡിനെ തുടർന്ന് ജോലിക്കാർ നാട്ടിൽപോയിട്ട് തിരിച്ചവരാത്തിനാൽ ഒരു വർഷത്തിലധികമായി തുറന്ന് പ്രവർത്തിച്ചിരുന്നില്ല. 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു. വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.