തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ മത്സരിക്കുന്നതിന് സീറ്റ് ലഭ്യമായില്ലെങ്കിൽ മുന്നണി ബന്ധം ഉപേക്ഷിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാവണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2014ൽ എൻ.ഡി.എ മുന്നണി രൂപീകരിച്ചത് മുതൽ മുന്നണിക്കൊപ്പം നിൽക്കുന്ന കക്ഷി എന്ന നിലയിൽ തങ്ങൾക്ക് സീറ്റിന് അർഹതയുണ്ടെന്ന് യോഗം വിലയിരുത്തി. സീറ്റ് വിഷയം ചർച്ച ചെയ്യുന്നതിന് എൻ.ഡി.എ സംസ്ഥാന ജില്ലാ കമ്മിറ്റി യോഗം അടിയന്തിരമായി വിളിച്ച് ചേർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെയും എൻ.ഡി.എയുടെ ഒരു തരത്തിലുമുള്ള യോഗം ചേർന്നിട്ടില്ല. സീറ്റ് വിഷയം തുടർ ചർച്ച നടത്തുന്നതിന് മുന്നണിയിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ചെയർമാനെയും ജനറൽ സെക്രട്ടറിയെയും യോഗം ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്യേണ്ടന്നും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി ,എൻ എൻ ഷാജി ,അയൂബ് മേലേടത്ത് ,ആന്റണി ജോസഫ് മണവാളൻ, സുധീഷ് നായർ, രജ്ഞിത്ത് ഏബ്രഹാം തോമസ് ജാൻസി ജോർജ്ജ് ,ഉഷാ ജയകുമാർ ഐസക്ക് നൈനാൻ, ജേക്കബ് ഫിലിപ്പ് ,പി.എ. റഹിം ,നെൽസൺ ഫ്രാൻസിസ്, എം.ജെ. മാത്യു, കെ.എച്ച്. ഷംസുദീൻ ,ജി. ബിനുമോൻ ,അനീഷ് ഇരട്ടയാനി ,പീഠികക്കണ്ടി മുരളീകുമാർ , ഫ്ലമിൻ ഒലിവർ ,വള്ളിക്കോട് കൃഷ്ണകുമാർ ,മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു