paravur-nagarasabha-kseb-
പുല്ലംകുളം അംബേദ്കർ പാർക്കിലെ വൈദ്യുതി വിഛേദിച്ചതിൽ പ്രതിഷേധിച്ച് പറവൂർ നഗരസഭ ചെയർപേഴ്സണിന്റെ നേതൃത്വത്തിൽ പറവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ കുത്തിയിരിക്കുന്നു.

പറവൂർ: ബില്ല് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് പുല്ലംകുളം അംബേദ്കർ പാർക്കിലെ വൈദ്യുതി യാതൊരു മുന്നറിയിപ്പുമില്ലാതെ വിച്ഛേദിച്ചു. ഒരുമാസത്തെ തുകയായ 6,450 രൂപ അടയ്ക്കാൻ വൈകിയപ്പോഴാണ് കെ.എസ്.ഇ.ബിയുടെ കടുത്ത നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിയുടെ നേതൃത്വത്തിൽ പറവൂർ കെ.എസ്‌.ഇ.ബി ഓഫിസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. സർക്കാരിൽനിന്നും പെൻഷൻ വിഹിതം നൽകിയതിലും ടൗൺഹാൾ സി.എഫ്.എൽ.ടി സിയാക്കി പ്രവർത്തിപ്പിച്ചതിലും മറ്റുമായി ഏഴ് കോടി രൂപയോളം നഗരസഭയ്ക്ക് കിട്ടാനുണ്ട്. സൗജന്യമായാണ് പാർക്കിൽ പ്രവേശനം. നഗരസഭ ജീവനക്കാർക്ക് ശമ്പളമടക്കം നൽകാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നഗരസഭയെ ഇത്തരത്തിൽ പ്രതിസന്ധിയിലാക്കുന്നത് സർക്കാരിന്റെ നയമാണോയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് ചെയർപേഴ്സൺ വി.എ. പ്രഭാവതി ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സജി നമ്പിയത്ത്, ബീന ശശിധരൻ, മുൻ ചെയർമാൻ ഡി. രാജ്‌കുമാർ, കൗൺസിലർമാരായ ലൈജി ബിജു, ഗീത ബാബു, പി.ഡി. സുകുമാരി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.