കൊച്ചി: കിഴക്കമ്പലം കിറ്റക്‌സ് പ്രശ്നത്തിൽ 174 അന്യസംസ്ഥാന തൊഴിലാളികൾ ഒരു മാസത്തിലധികമായി ജയിലിൽ കഴിയേണ്ടിവരുന്നത് മനുഷ്യാവകാശത്തിന്റെയും തൊഴിൽ നിയമത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ന്യൂ ട്രേഡ് യൂണിയൻ ഇനിഷ്യേറ്റീവും (എൻ.ടി.യു.ഐ) പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷനും സംയുക്തപ്രസ്താവനയിൽ പറഞ്ഞു.

ജയിലിൽ കഴിയുന്ന തൊഴിലാളികളുടെ കുടുംബങ്ങളുമായോ സംസ്ഥാന സർക്കാരുകളുമായോ ബന്ധപ്പെട്ട് അറസ്റ്റ് വിവരങ്ങൾ കൈമാറാനോ ഇവർക്കാവശ്യമായ നിയമ സംരക്ഷണം ഏർപ്പെടുത്താനോ ജയിലിൽ പ്രാഥമിക സൗകര്യങ്ങളേർപ്പെടുത്താനോ ഇതുവരെ തയ്യാറായിട്ടില്ല. അടിയന്തരമായി ഈ തൊഴിലാളികൾക്ക് ജാമ്യം ലഭിക്കാനും നിരപരാധികളെ കേസിൽനിന്ന് ഒഴിവാക്കാനുമുള്ള നിയമ നടപടികൾ സ്വീകരിക്കണം. തൊഴിൽ വകുപ്പിന്റെയും ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും അടിയന്തര ഇടപെടൽ ഈ കാര്യത്തിലുണ്ടാകണമെന്നും എൻ.ടി.യു.ഐ. പ്രസിഡന്റ് എം. ശശികുമാർ, പ്രോഗ്രസിവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ചെയർപേഴ്സൺ ജോർജ് മാത്യു എന്നിവർ ആവശ്യപ്പെട്ടു.