 
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വലമ്പൂർ എത്തേപ്പാടത്ത് ജൈവപച്ചക്കറികൃഷിക്ക് തുടക്കമായി. കൊയ്‌ത്തൊഴിഞ്ഞ ഒരേക്കർ നെൽപ്പാടത്താണ് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിന് വിഷമില്ലാത്ത പച്ചക്കറി എന്ന ലക്ഷ്യവുമായി കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്. വലമ്പൂർ, ആക്കാംപാറ, കാരുമൂട് എന്നീ മൂന്ന് യൂണിറ്റുകളാണ് കൃഷിയിറക്കുന്നത്. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പച്ചക്കറിതൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പയർ, പാവൽ, വെണ്ട, ചീര, വെള്ളരി തുടങ്ങിയ ഇനങ്ങളാണ് കൃഷിയിറക്കിയിറക്കുന്നത്. ബ്ലോക്ക് കമ്മിറ്റിയംഗം ആഷിത കൃഷ്ണൻകുട്ടി അദ്ധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി അബ്ദുൾ സമദ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എച്ച്. സുരേഷ്, സി ആർ രാകേഷ്, രോഹിത് ഷൺമുഖൻ, ജിതിൻജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.