കൊച്ചി: വധഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ചിന് ഇനി കിട്ടേണ്ടത് നടൻ ദിലീപിന്റെ ഐ ഫോണടക്കം രണ്ട് മൊബൈലുകൾ. ഒരു വർഷത്തെ സി.ഡി.ആർ പരിശോധനയിൽ പ്രതികൾ എട്ട് ഫോണുകൾ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ ആറെണ്ണം ഇന്നലെ ഹൈക്കോടതിയിൽ സീൽവച്ച കവറിൽ കൈമാറി. 2075 കോൾ വിളിച്ച ദിലീപിന്റെ ഐ ഫോൺ, സഹോദരീ ഭർത്താവ് സുരാജിന്റെ ഫോൺ എന്നിവയാണ് ഇനി കണ്ടെത്തേണ്ടത്. ഇവ കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും.
കൂടുതൽ ഫോൺ
ദിലീപും മറ്റു പ്രതികളും കൂടുതൽ ഫോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സി.ഡി.ആർ പരിശോധനയിൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെടും. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഫോണിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഫോണുകളിൽ കയറിയിങ്ങിപ്പോയിട്ടുണ്ടോയെന്നും പരിശോധിക്കും.
ദിലീപിന്റെ ഫ്ലാറ്റിൽ
പരിശോധന
ദിലീപിന്റെ എറണാകുളം എം.ജി റോഡ് മേത്തർ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തി. ദിലീപും സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും ഈ ഫ്ളാറ്റിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നായിരുന്നു പരിശോധന. കോടതി അനുമതിയോടെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പരിശോധന മണിക്കൂറോളം നീണ്ടു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്, ഓടുന്ന കാർ എന്നിവയാണ് ഗൂഢാലോചന നടന്ന മറ്റിടങ്ങൾ.