മൂവാറ്റുപുഴ: വിവാദമായ മൂന്ന് കാർഷിക ബില്ലുകൾ പിൻവലിച്ചെങ്കിലും അതിലടങ്ങിയിരുന്ന കരിനിയമങ്ങൾ ബഡ്ജറ്റിലൂടെ പ്രാവർത്തികമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കൃഷിക്കും കർഷകക്ഷേമത്തിനുമായി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചത് 1,06,428 കോടി രൂപയായിരുന്നത് , ഇപ്പോൾ 1,05,710 ആയി കുറയുമ്പോൾ. മുൻ വർഷത്തെ അപേക്ഷിച്ച് 718 കോടി രൂപയുടെ വ്യത്യാസം വന്നിരിക്കുന്നു. മൂന്ന് കാർഷിക നിയമങ്ങൾ മൂലം സർക്കാർ ലക്ഷ്യം വച്ചത് വിപണികളുടെ സ്വകാര്യവത്കരണവും അതു വഴി സബ്സിഡികൾ നിർത്തലാക്കലും , താങ്ങുവില സമ്പ്രദായം ഇല്ലാതാക്കലുമായിരുന്നു. കർഷക പ്രക്ഷോഭത്തെ തുടർന്ന് മൂന്ന് ബില്ലുകൾ പിൻവലിക്കേണ്ടി വന്നപ്പോൾ അവയിലൂടെ നടപ്പിൽ വരുത്താൻ സർക്കാർ ഉദ്ദേശിച്ചിരുന്നവ ഫണ്ട് വെട്ടിക്കുറച്ച് പ്രാവർത്തികമാക്കുകയാണ്. സാധാരണക്കാരെയും കൃഷിക്കാരെയും തൊഴിലാളികളെയും വഞ്ചിച്ച ബഡ്‌ജറ്റ് ആണ് അവതരിപ്പിക്കപ്പെട്ടതെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.