കോലഞ്ചേരി: വർഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ വളവുംതിരിവുമായി കിടന്ന പിണർമുണ്ട ഇൻഫോപാർക്ക് റോഡ് മുഖം മിനുക്കുന്നു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ഇൻഫോപാർക്ക് രണ്ടാംഫേസ് റോഡ് പൂർണ്ണമായി നവീകരിക്കാൻ തീരുമാനമായി. കുന്നത്തുനാട്ടിലെ പെരിങ്ങാല, പിണർമുണ്ട എന്നിവിടങ്ങളിൽനിന്ന് തുടങ്ങി കാക്കനാട് ഇൻഫോപാർക്കിൽ അവസാനിക്കുന്ന നാല് കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റോഡ്. ഇതിൽ ഇൻഫോപാർക്കിന്റെ പരിധിയിൽ വരുന്ന 1.3 കിലോമീറ്ററിൽ ചെറുവാഹനങ്ങൾക്കടക്കം കടന്നുപോകാൻ പറ്റാത്തവിധം വളവും തിരിവുമായി കിടക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള വാഹനയാത്രയും നാട്ടുകാർ ഒഴിവാക്കിയിരുന്നു.
കാക്കനാടുനിന്നുള്ള എളുപ്പവഴി
കാക്കനാടുനിന്ന് കോലഞ്ചേരി, കിഴക്കമ്പലം മേഖലയിലേക്കുള്ള എളുപ്പവഴിയുമാണിത്. വിഷയത്തിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഇൻഫോപാർക്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഇൻഫോപാർക്ക് ഏറ്റെടുത്ത പഞ്ചായത്ത് റോഡിന് പകരമായി പഞ്ചായത്തിന് നൽകിയ റോഡിൽ സുഗമമായ ഗതാഗതസൗകര്യം ഒരുക്കുമെന്ന് ഉറപ്പ് നൽകി. റോഡ് വീതികൂട്ടി ഗതാഗതത്തിന് ഉതകുംവിധം പുനർനിർമ്മിക്കും. ഇതിനായി സർവേ നടപടികൾ ഉടനെ ആരംഭിക്കും. ഇൻഫോപാർക്കിന് സമീപം കുന്നത്തുനാട് പഞ്ചായത്തിൽ സ്ഥാപിക്കുവാൻ ധാരണയായ എൻട്രൻസ് ഗേറ്റും ഉടനെ നിർമ്മിക്കും. കുന്നത്തുനാട്ടിലെ ടൂറിസം വികസനത്തിന് ഏറെ ഗുണകരമാകുന്നതാണ് നടപടി. കുന്നത്തുനാട് മണ്ഡലത്തിലെ തൊഴിൽരഹിതരായ യുവതീ യുവാക്കൾക്കായി ജോബ്ഫെയർ നടത്തുവാനും മണ്ഡലത്തിലെ കോ ഓപ്പറേറ്റീവ് ബാങ്കുമായി സഹകരിച്ച് ജൈവപച്ചക്കറി വിപണനത്തിനായി ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് കേന്ദ്രം തുടങ്ങുവാനും ചർച്ചയിൽ തീരുമാനമായി.
ഇൻഫോപാർക്ക് സി.ഇ.ഒ ജോൺ എം. തോമസ്, പഞ്ചായത്ത് അംഗങ്ങളായ നിസാർ ഇബ്രാഹിം ,എം.ബി. നവാസ്, ഇൻഫോപാർക്ക് ലെയ്സൺ ഓഫീസർ ദിനേശ്, റെജി തോമസ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.