ayinithodu

മരട്: മരടിലെ ജീവനാഡിയായ അയിനി തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിൽ അഴിമതി ആരോപണവുമായി തോട് സംരക്ഷണ സമിതി പ്രവർത്തകർ രംഗത്ത്. നിർമ്മാണ ജോലികൾ നാട്ടുകാർ തടഞ്ഞു. മരടിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായാണ് കയ്യേറ്റമൊഴിപ്പിച്ച് ഭിത്തി കെട്ടി തോട് സംരക്ഷിക്കാൻ നഗരസഭ നടപടി സ്വീകരിച്ചത്.

അയിനി അമ്പലത്തിനു തെക്ക് ഭാഗത്തു തോടു കയ്യേറ്റം നീക്കം ചെയ്തുള്ള പുനർനിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. തോടിന്റെ അടിഭാഗം ചെളിനീക്കി രണ്ട് അടി ഉയരത്തിൽ കരിങ്കൽ ഡ്രൈ പാക്ക് ചെയ്ത് അതിനു മുകളിൽ 10 സെന്റി മീറ്റർ പി.സി.സി ഇട്ടു വേണം എസ്റ്റിമേറ്റു പ്രകാരം പണി നടത്താൻ. ഉപ്പു വെള്ളം കയറാതെ വേണം കോൺക്രീറ്റ് ചെയ്യാൻ. ഇതിനായി 1.57 ലക്ഷം രൂപ വെള്ളം വറ്റിക്കുന്നതിന് മാത്രമായി നൽകിയിട്ടുമുണ്ട്. എന്നാൽ നഗരസഭ ഓവർസിയറുടെ സാന്നിദ്ധ്യത്തിൽ വേണ്ട രീതിയിൽ കരിങ്കല്ലിടാതെ ഉപ്പുവെള്ളത്തിൽ കോൺക്രീറ്റിട്ടാണ് നിർമ്മാണം നടത്തിയത്.

ഒരു ലോഡു കല്ലു പോലും കൊണ്ടുവന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട അയിനി തോട് സംരക്ഷണ സമിതി പ്രവർത്തകർ അഴിമതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. തിങ്കളാഴ്ച്ച രാവിലെ മുനിസിപ്പൽ എൻജിനിയറും സമിതി പ്രവർത്തകരായ കൃഷ്ണമൂർത്തി,സാജൻ,കണ്ണൻ, സുധാബു,എൻ.ഇ.പീറ്റർ തുടങ്ങിയവരും സ്ഥലത്തെത്തി സംയുക്തമായി നിർമ്മാണ സ്ഥലത്ത് പരിശോധന നടത്തി. പരാതി ശരിയാണെന്ന് മുനിസിപ്പൽ എൻജിനിയർക്കും ബോദ്ധ്യപ്പെട്ടു. ഇതിനകം ഇട്ട കരിങ്കൽ, പി.സി.സി, അടിയിലെ ചെളി എന്നിവ പൂർണ്ണമായും നീക്കം ചെയ്തു രണ്ടാമതു പണി ചെയ്യാൻ മുനിസിപ്പൽ എൻജിനിയർ കരാറുകാരന് നിർദ്ദേശം നൽകി.

എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു

അയനി തോടിലെ പുന:നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തിയിൽ വ്യാപക ക്രമക്കേടെന്ന പരാതിയെ തുടർന്ന് നഗരസഭ എൽ.ഡി.എഫ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. എസ്റ്റിമേറ്റിൽ പറഞ്ഞിട്ടുള്ള അളവിൽ പണിയാതെ കരാറുകാരന് തോന്നിയതുപോലെ പണി നടത്താൻ നഗരസഭാ ഉദ്യോഗസ്ഥർ സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് ഇടത് അംഗങ്ങൾ ആരോപിച്ചു. സി.പി.എം മരട് ഈസ്റ്റ് എൽ.സി സെക്രട്ടറി എം.പി സുനിൽകുമാർ, എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.ആർ.ഷാനവാസ്, കൗൺസിലർമാരായ സി.വി.സന്തോഷ്, സി.ടി.സുരേഷ്,ശാലിനി അനിൽ രാജ് എന്നിവരും സ്ഥലം സന്ദർശിച്ചു.

തകരാർ പരിഹരിക്കാൻ എൻജിനിയറെ

ചുമതലപ്പെടുത്തി: നഗരസഭ ചെയർമാൻ

അയിനി തോട് ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കാൻ എൻജിനിയറെ ചുമതലപ്പെടുത്തിയതായി മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അറിയിച്ചു. എന്നാൽ നഗരസഭ അയിനിത്തോട് പ്രദേശത്തെ കയ്യേറ്റങ്ങൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ തുടങ്ങി വച്ചിട്ടുള്ള ഈ നിർമ്മാണ പ്രവർത്തനത്തിൽ പോരായ്മകളോ വീഴ്ചയോ വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിച്ചു കൊണ്ടു മാത്രമായിരിക്കും നിർമ്മാണം മുന്നോട്ടു കൊണ്ടു പോകുക എന്ന് ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.