കളമശേരി: വാട്ടർ അതോറിറ്റി അമിത ചാർജ് ഈടാക്കി ജനങ്ങളെ പിഴിയുന്നതായി പരാതി. ഏലൂർ നഗരസഭയിൽ 6 വാർഡുകളിലെ 2144 കുടുംബങ്ങൾക്ക് കുടിവെള്ളം സൗജന്യമായ് നൽകണമെന്ന് 2005ൽ സുപ്രീം കോടതി മോണിറ്ററിംഗ് സമിതി വിധിയുണ്ട്. ദിവസവും 500 ലിറ്റർ വെള്ളമാണ് സൗജന്യമായി നൽകേണ്ടത്. ഗുണഭോക്താവിന് ലഭിക്കേണ്ട 30 കെ.എൽ വെള്ളം ഒഴിച്ച് കൂടുതലായി എടുക്കുന്ന വെള്ളത്തിന് കരം നൽകണം. എന്നാൽ 40 കെ.എൽ വെള്ളം ഉപയോഗിക്കുന്ന കുടുംബത്തിന് 480 രൂപ ബിൽ ചെയ്ത് അതിൽ നിന്ന് 120 കുറയ്ക്കുകയാണ് ചെയ്യുന്നത്. അതായത് കൂട്ടുമ്പോൾ 12 രൂപ നിരക്കിലും കുറയ്ക്കുമ്പോൾ 4 രൂപ നിരക്കും. ഇത് നീതികരിക്കാനാവില്ലെന്ന് കൗൺസിലർ കൃഷ്ണപ്രസാദ് പറഞ്ഞു.

ഏലൂർ പഞ്ചായത്തായിരുന്ന കാലഘട്ടത്തിൽ ആറു വാർഡുകളിൽ കുടിവെള്ള സ്രോതസുകളിലെ മലിനീകരണം മൂലം ജനകീയ പ്രക്ഷോഭത്തെ തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധിയുണ്ടായത്. പൈപ്പ് കണക്ഷൻ ചെലവിലേക്കായി എഫ്.എ.സി.ടി.,ഐ.ആർ.ഇ, എച്ച്.ഐ.എൽ, മെർക്കം ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്ന് ഏകദേശം ഒന്നര കോടി രൂപ ഈടാക്കി. പ്രതിമാസം കുടിവെള്ളം നൽകുന്നതിനായി 5 ലക്ഷം രൂപ വീതം ഈടാക്കുന്നുമുണ്ട്. 3000 കുടുംബങ്ങളെ കണക്കിൽ ഉൾപ്പെടുത്തി പണം വാങ്ങിയിട്ടും 856 പേർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.

2005 ൽ കോടതി വിധിയുണ്ടായെങ്കിലും 2009 ലാണ് പദ്ധതി നടപ്പിലായത്.

ഏലൂർ പാട്ടുപുരയ്ക്കൽ വെച്ച് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഏലൂർ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായപ്പോൾ വെള്ളം കൊടുക്കുന്നത് 6 വാർഡുകൾ എന്നത് 9 വാർഡുകളും കുടുംബങ്ങളുടെ എണ്ണം 3000 ആകുകയും ചെയ്തു. 856 പേരുടെ അഡീഷണൽ ലിസ്റ്റ് നഗരസഭ 2018ൽ വാർട്ടർ അതോറിറ്റിക്ക് നൽകിയെങ്കിലും പി.സി. ബി യും അംഗീകരിച്ചു നൽകിയാലെ ഇവർക്കു കൂടി പദ്ധതിയുടെ ഗുണം ലഭിയ്ക്കൂ.

9 വാർഡുകളിലെ വാട്ടർ അതോറിറ്റി ബിൽ വിതരണം നിർത്തിവയ്ക്കാനാവശ്യപ്പെട്ട് നവംബർ 18ന് നഗരസഭ ചെയർമാൻ കത്ത് നൽകിയിരുന്നു. ഡിസംബർ 10 ന് പി.സി.ബി.ചെയർമാൻ പ്രദീപിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അധിക തുക ഒഴിവാക്കാനും പദ്ധതി തുടരാനും തീരുമാനിച്ചിരുന്നു. എന്നിട്ടും ഇതുവരെ പരിഹാരമായില്ല. സംഭവത്തിൽ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു.