കൊച്ചി : വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നതിന് യൂറോപ്യൻ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി ഇന്റർനാഷണൽ അർബൻ ആൻഡ് റീജിയണൽ കോർപ്പറേഷൻ ( ഐ.യു.ആർ. സി ) പദ്ധതിയുടെ ഫ്ളഡ് മാനേജ്‌മെന്റ് ക്ലസ്റ്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിന് കൊച്ചിയും ഇറ്റലിയിലെ മെസ്സീന നഗരവും തമ്മിൽ ധാരണയിലെത്തി. കാലാവസ്ഥാ വ്യതിയാനം, ഗതാഗത രംഗത്തെ ആധുനികവത്കരണം, സാങ്കേതികവിദ്യയുടെ കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇരു നഗരങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഏറെ പ്രശ്‌നങ്ങൾ നേരിടുന്ന മെസീന ഇത് നേരിടുന്നതിനായി നിരവധി സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ അറിവുകൾ കോർപ്പറേഷന് കൈമാറുമെന്ന് മെസീനയിലെ ഇന്റർനാഷണൽ റിലേഷൻസ് ഓഫീസർ ജോസഫൈൻ ഉറപ്പുനൽകി. ഭാവി പ്രവർത്തനത്തിനായി അർബൻ കോർപ്പറേഷൻ ആക്ഷൻ പ്ലാൻ രൂപീകരികരിക്കാൻ ഇരു നഗരങ്ങളും തീരുമാനിച്ചു.

ഫ്ളഡ് മാനേജ്‌മെന്റ് ക്ളസ്റ്ററിലെ അംഗങ്ങളായ നെതർലൻഡ്‌സിലെ റോട്ടർഡാം, മെസീന, പോർച്ചുഗീസിലെ അൽമാട, സൂറത്ത്, പോർബന്ധർ, പനാജി എന്നീ നഗരങ്ങളിലെ പ്രതിനിധികൾ വെള്ളക്കെട്ട് നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മാർച്ചിൽ കൊച്ചിയിൽ യോഗം ചേരും. ചൊവ്വാഴ്ച കോർപ്പറേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ മേയർ എം. അനിൽകുമാർ, ഐ.യു.ആർ. സി പ്രതിനിധികൾ, സി.ഹെഡ് ഡയറക്ടർ രാജൻ എന്നിവർ പങ്കെടുത്തു.